സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു
കാസർകോട്: കാസർകോട് കാഞ്ഞങ്ങാട്ട് കമ്പ്യൂട്ടര്‍ സെന്‍ററിന്‍റെ മറവില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണ കേന്ദ്രം കണ്ടെത്തി. മൂന്ന് പേരെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. സര്‍വ്വകലാശാലകളുടെ ബിരുദ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട് തുടങ്ങിയവ വ്യാജമായി നിര്‍മ്മിക്കുന്ന കേന്ദ്രമാണ് കാഞ്ഞങ്ങാട്ട് കണ്ടെത്തിയത്. കാഞ്ഞങ്ങാട് പുതിയകോട്ടയിലെ നെറ്റ് 4 യു കഫേ കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിക്കുന്നത്.
കമ്പ്യൂട്ടര്‍ സെന്‍റര്‍ ഉടമ കൊവ്വല്‍പ്പള്ളിയിലെ സന്തോഷ് കുമാര്‍, മുഴുക്കോം ക്ലായിക്കോട്ടെ പി രവീന്ദ്രന്‍, ഹൊസ്ദുര്‍ഗ് കടപ്പുറത്തെ ഷിഹാബ്, എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കമ്പ്യൂട്ടര്‍ സെന്‍ററില്‍ നിന്ന് രവീന്ദ്രനാണ് സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കുക. ഷിഹാബ് തന്‍റെ വീട്ടില്‍ നിന്ന് ഇത് പ്രിന്‍റെടുത്ത് സീല്‍ പതിക്കും. സ്ഥാപന ഉടമ സന്തോഷ് കുമാര്‍ അറിഞ്ഞുകൊണ്ടാണ് വ്യാജ നിര്‍മ്മാണമെന്ന് പൊലീസ് പറയുന്നു. കണ്ണൂര്‍, കാലിക്കറ്റ്, കേരള സര്‍വ്വകലാശാലകളുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകളും വ്യാജമായി നിര്‍മ്മിച്ച ഡ്രൈവിംഗ് ലൈസന്‍സുകളും കേരളത്തിലേയും കര്‍ണാടകത്തിലേയും വിവിധ ആർ ടി ഒ സീലുകളും ഷിഹാബിന്‍റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തി.
വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് വേണ്ടിയാണ് പ്രധാനമായും സംഘം വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കുന്നതെന്നാണ് നിഗമനം. സര്‍ട്ടിഫിക്കറ്റിന് 10,000 രൂപ മുതലാണ് ഈടാക്കുന്നത്. മൂന്ന് വര്‍ഷത്തോളമായി സംഘം പ്രവര്‍ത്തനം തുടങ്ങിയിട്ട്. കര്‍ണാടകയില്‍ അടക്കം കൂടുതല്‍ അന്വേഷണം നടത്താനാണ് തീരുമാനം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത തൃശൂര്‍ കാളത്തോട് നാച്ചു വധക്കേസ് എല്ലാ പ്രതികൾക്കും ഇരട്ട ജീവപരന്ത്യവും 13 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു എന്നതാണ്. 2021 ഒക്ടോബർ 22-നാണ് സിഐടിയു യൂണിയൻ തൊഴിലാളിയായ നാച്ചു എന്ന ഷമീറിനെ (39 ) പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ വെട്ടുക്ക പറമ്പിൽ ഇസ്മയിൽ മകൻ ഷാജഹാൻ (50) വലിയകത്ത് ഷാജി മകൻ ഷബീർ (30) പരിക്കുന്നു വീട്ടിൽ അബ്ബാസ് മകൻ അമൽ സാലിഹ് (31) എന്നിവർ ചേർന്ന് പകൽ 3:30 മണിക്ക് കാളത്തോട് മുസ്ലിം പള്ളിയുടെ മുൻവശത്തുള്ള പാർപ്പിടം റോഡിൽ വച്ച് മാരകായുധങ്ങളായ കൊടുവാൾ, വടിവാൾ, ഇരുമ്പു വടി എന്നിവ ഉപയോഗിച്ച് ഭീകരമായ അന്തരീക്ഷം സൃഷ്ടിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയത്. കൊവിഡ് കാലഘട്ടത്തിൽ മീൻ കച്ചവടം തുടങ്ങിയ നാച്ചു കാളത്തോട് ഇന്ത്യൻ ബാങ്കിന്റെ സമീപത്ത് സുഹൃത്തിനോട് സംസാരിച്ചു നിൽക്കുമ്പോഴാണ് ഓട്ടോറിക്ഷയിൽ എത്തിയ പ്രതികൾ ആക്രമിച്ച് പാർപ്പിടം റോഡിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയത്. തൃശൂർ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് ആയ ജഡ്ജ് ആയ ടി കെ മിനിമോൾ ആണ് ശിക്ഷ വിധിച്ചത്.