നിസ്‌കാരത്തിന് തടസമുണ്ടാവുന്ന രീതിയില്‍ പരീക്ഷ വന്നാല്‍ സമയം ക്രമീകരിക്കണമെന്ന് ആവശ്യപ്പെടാറുണ്ടെന്ന് സത്താര്‍. 

കോഴിക്കോട്: വെള്ളിയാഴ്ച ദിവസങ്ങളില്‍ പരീക്ഷ മാറ്റിവെക്കണമെന്ന് ഒരു മുസ്ലീം സംഘടനയും ആവശ്യപ്പെട്ടിട്ടില്ലെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍. വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് തടസമുണ്ടാവുന്ന രീതിയില്‍ പരീക്ഷ വന്നാല്‍ അതിന്റെ സമയം ക്രമീകരിക്കണമെന്ന് ആവശ്യപ്പെടാറുണ്ടെന്ന് സത്താര്‍ പറഞ്ഞു. വെള്ളിയാഴ്ച ദിവസങ്ങളിലെ പൊതുപരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും സത്താര്‍ വ്യക്തമാക്കി.

'കണ്ണൂര്‍ ജില്ലാ സ്‌കൂള്‍ കായിക മേള ഞായറാഴ്ച നടത്തില്ല'

കണ്ണൂര്‍: തലശ്ശേരി അതിരൂപതയുടെ എതിര്‍പ്പിന് പിന്നാലെ കണ്ണൂര്‍ ജില്ലാ സ്‌കൂള്‍ കായിക മേള ഞായറാഴ്ചയില്‍ നിന്ന് മാറ്റി. ശനിയാഴ്ച്ച മത്സരങ്ങള്‍ സമാപിക്കും. വ്യാഴം, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളിലായി മേള നടത്താനായിരുന്നു നേരത്തെ എടുത്ത തീരുമാനം. ഞായറാഴ്ച മേള നടത്തുന്നത് ക്രൈസ്തവര്‍ക്ക് ബുദ്ധിമുട്ടാകുമെന്നും തീരുമാനം മാറ്റണമെന്നും തലശ്ശേരി അതിരൂപത വികാരി ജനറാള്‍ ആന്റണി മുതുകുന്നേല്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മാറ്റം. ഡി.ഡി.ഇ വിളിച്ചു ചേര്‍ത്ത അടിയന്തിര യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ശനിയാഴ്ച കായിക അധ്യാപകരുടെ ക്ലസ്റ്റര്‍ മീറ്റിങ് നടക്കുന്നതിനാലാണ് കായിക മേളയുടെ സമാപനം ഞായറാഴ്ച്ച നടത്താന്‍ തീരുമാനിച്ചിരുന്നത്. കായിക അധ്യാപകരുടെ ക്ലസ്റ്റര്‍ യോഗം തിങ്കളാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്.

അതേസമയം, പതിനഞ്ച് വര്‍ഷത്തെ ഇടവേളക്കു ശേഷം തൃശൂര്‍ ആതിഥ്യം വഹിക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് കുന്നംകുളം സജ്ജമായി. ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീനിയര്‍ ഗ്രൗണ്ടിനു സമീപം പ്രധാന വേദിക്ക് എ സി മൊയ്തീന്‍ എംഎല്‍എ കാല്‍ നാട്ടി. തുടര്‍ന്ന് എംഎല്‍എയുടെ നേതൃത്വത്തില്‍ കായികമേളയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി. കായികമേളയ്ക്ക് മുന്നോടിയായി ഒക്ടോബര്‍ 13ന് തൃശ്ശൂരില്‍ നിന്ന് മത്സര സ്ഥലമായ കുന്നംകുളത്തേക്ക് ദീപശിഖ പ്രയാണം നടത്തും. വിവിധ കേന്ദ്രങ്ങളില്‍ ദീപശിഖ പ്രയാണത്തിന് സ്വീകരണം നല്‍കും.

അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 3000 ത്തോളം കായിക താരങ്ങള്‍ പങ്കെടുക്കും. കുന്നംകുളം ബഥനി ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒക്ടോബര്‍ 16ന് വൈകീട്ട് രജിസ്ട്രേഷന്‍ ആരംഭിക്കും. ഒരു ജില്ലക്ക് ഒരു കൗണ്ടര്‍ എന്ന നിലയില്‍ 14 രജിസ്ട്രേഷന്‍ കൗണ്ടറുകള്‍ സജ്ജീകരിക്കും. മത്സരത്തിന് ആദ്യമെത്തുന്ന കായിക സംഘത്തിന് തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കും. ഒക്ടോബര്‍ 17ന് രാവിലെ മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. വൈകീട്ട് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ ഉദ്ഘാടനം നടക്കും.

യാത്രകളില്‍ ഭക്ഷ്യവിഷബാധയുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..

YouTube video player