സീസണ്‍ ആരംഭിച്ചതിനെ തുടര്‍ന്ന്  വിഴിഞ്ഞം മത്സ്യബന്ധന  തുറമുഖത്ത് നിയന്ത്രണങ്ങള്‍ ലംഘിച്ച്  അനുഭവപ്പെടുന്ന  തിക്കും തിരക്കും ഒഴിവാക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തി വിഴിഞ്ഞം പൊലീസ്. 

തിരുവനന്തപുരം: സീസണ്‍ ആരംഭിച്ചതിനെ തുടര്‍ന്ന് വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് നിയന്ത്രണങ്ങള്‍ ലംഘിച്ച് അനുഭവപ്പെടുന്ന തിക്കും തിരക്കും ഒഴിവാക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തി വിഴിഞ്ഞം പൊലീസ്. സീസണോടനുബന്ധിച്ച് മീന്‍വാങ്ങാനും വില്‍ക്കാനുമായി വന്‍ തിരക്കാണ് വിഴിഞ്ഞത്ത് അനുഭവപ്പെടുന്നത്. 

വിഴിഞ്ഞം ഇടവക ഭാരവാഹികള്‍ വിഴിഞ്ഞം പൊലീസ്, മീന്‍ലേലം വിളിക്കുന്നവരുടെയും കച്ചവടക്കാരായ സ്ത്രീകളുടെ പ്രതിനിധികള്‍ എന്നിവരുടെ അടിയന്തര യോഗം കൂടിയാണ് പുതിയ ക്രമീകരണങ്ങള്‍ നടപ്പിലാക്കുന്നതെന്നും ഇന്ന് മുതല്‍ പുതിയ ക്രമീകരണങ്ങള്‍ അനുസരിച്ചു മാത്രമായിരിക്കും ഇവിടെ മത്സ്യവിപണനം നടക്കുക എന്നും അധികൃതര്‍ പറഞ്ഞു. 

വിഴിഞ്ഞം സി.ഐ പ്രവീണ്‍ ,എസ.ഐസജിഎസ്.എസ് എന്നിവരുടെ നേത്യത്വത്തിലെത്തിയ പൊലീസ് സംഘം തീരത്ത് പുതിയ ക്രമീകരണങ്ങളുടെ ട്രയലും നടത്തി. തുറമുഖത്തിന് അടുത്തുളള ഹാര്‍ബര്‍ എന്‍ജിനിയറിങ് വിഭാഗത്തിന്റെ സ്ഥലത്തായിരിക്കും ഇനി ചില്ലറ മീന്‍വില്‍പ്പന നടക്കുക. ഇവിടെ നനിന്ന് മാത്രമേ വീട്ടാവശ്യങ്ങള്‍ക്കുളള മീന്‍വാങ്ങാനാകു.

ഇവിടെ എത്തുന്ന നാട്ടുകാര്‍ നിയന്ത്രണം തെറ്റിച്ച് തീരത്തേക്ക് എത്താതിരിക്കാന്‍ ലേലഹാളിന് സമീപത്ത് പ്രത്യേക ബാരിക്കേഡും സ്ഥാപിച്ചു. ഒരോ വളളങ്ങളിലുമെത്തിക്കുന്ന വിവിധ തരം മീനുകളെ ഒറ്റതവണ ലേലത്തില്‍ വില്‍ക്കും. സാമൂഹിക അകലം പാലിച്ച് മീന്‍ലേലം
നടത്തുന്നതിന് ഓരോ ഇടവും നമ്പര്‍ രേഖപ്പെടുത്തി തിരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് വിഴിഞ്ഞം എസ്‌ഐ. അറിയിച്ചു. ഇതിനായി പ്രത്യേകമായി ഓരോ പോയിന്റിലും പോലിസിനെ വിന്യസിച്ചിട്ടുണ്ട്.