നാലുമാസം മുമ്പാണ് സാന്ദ്രയും ആകാശും വിവാഹിതരായത്. തളിപ്പറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
കണ്ണൂർ: കണ്ണൂർ കരിമ്പത്ത് നവവധുവിനെ ഭര്‍തൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 22 കാരി സാന്ദ്രതാരയാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത തളിപ്പറമ്പ് പോലീസ് അന്വേഷണം തുടങ്ങി. വ്യാഴാഴ്ച്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ഗൃഹപ്രവേശ ചടങ്ങിന് പോകാൻ ഒരുങ്ങാനെന്ന് പറഞ്ഞ് വാതിലടച്ച സാന്ദ്ര വാതിൽ തുറന്നില്ല. പതിവിലും സമയമെടുത്തതോടെ ഭർത്താവ് ആകാശ് മോഹനാണ് വാതിൽ തളളിത്തുറന്ന് അകത്ത് കയറിയത്.
ജനൽകമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. അയൽവാസികളുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നാലുമാസം മുൻപാണ് സാന്ദ്രയുടേയും ആകാശിന്റെയും വിവാഹം കഴിഞ്ഞത്. നൃത്താധ്യാപികയായിരുന്നു സാന്ദ്ര. പ്രണയിച്ച് വിവാഹം ചെയ്ത ഇരുവർക്കുമിടയിൽ പ്രശ്നങ്ങളൊന്നുമില്ലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കൊല്ലം സ്വദേശികളായ സാന്ദ്രതാരയുടെ കുടുംബം ഏറെ നാളായി കണ്ണൂർ തളിയിലും ബാവുപ്പറമ്പിലുമായാണ് താമസം. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ പോലീസ് ഇരുകുടുംബങ്ങളുടേയും മൊഴിയെടുക്കും. ആവശ്യമെങ്കിൽ മൊബൈൽ ഫോണടക്കമുളള ഡിജിറ്റൽ തെളിവുകളും ശേഖരിക്കുമെന്നും തളിപറമ്പ് പോലീസ് പറഞ്ഞു.

