ചേർത്തല: കാറിൽ ടോറസ് ലോറിയിടിച്ച് കാർ യാത്രക്കാരിയായ നവവധു മരിച്ചു. കൂടെയുണ്ടായിരുന്ന ഭർത്താവിനും രണ്ടു സുഹൃത്തുക്കളും പരിക്കേറ്റു. ആലുവ മുപ്പത്തടം മണപ്പുറത്തു വീട്ടിൽ അനന്തുവിന്‍റെ ഭാര്യ വിഷ്ണുപ്രിയയാണ്​ (19) മരിച്ചത്. ദേശീയപാത തിരുവിഴ കവലക്ക് സമീപം ഇന്ന് രാവിലെ എട്ടോടെയായിരുന്നു അപകടം. 

കൊല്ലത്ത് സുഹൃത്തിന്‍റെ വിവാഹത്തിൽ പങ്കെടുത്ത ശേഷം ആലുവയിലേക്ക് മടങ്ങവേ തിരുവിഴയിൽവെച്ച് എതിരെ വന്ന ടോറസ് ലോറി നിയന്ത്രണം തെറ്റി കാറിൽ ഇടിക്കുകയായിരുന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 

ഇടിയുടെ ആഘാതത്തിൽ ലോറിക്കടിയിൽ കുടുങ്ങിപ്പോയ കാർ ഫയർഫോഴ്സ് എത്തി വെട്ടിപ്പൊളിച്ചാണ് കാറിനുള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ഗുരുതരമായി പരുക്കേറ്റ വിഷ്ണുപ്രിയയെ എറണാകുളം മെഡിക്കൽ സെൻറർ ആശുപത്രിയിലും കാർ ഓടിച്ചിരുന്ന ഭർത്താവ് അനന്തുവിനെ (21) ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

കാറിൽ ഇവർക്കൊപ്പമുണ്ടായിരുന്ന എറണാകുളം സ്വദേശികളായ ജിയോയെ മെഡിക്കൽ സെൻററിലും അഭിജിത്തിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഉച്ചയോടെയാണ് വിഷ്ണുപ്രിയ മരിച്ചത്.