ദേശീയപാത 544-ലെ വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ വടക്കഞ്ചേരി ഇടതു മേല്‍പാലം വീണ്ടും അറ്റകുറ്റപ്പണികള്‍ക്കായി അടച്ചു. 2021-ല്‍ ഗതാഗതത്തിനായി തുറന്ന പാലത്തില്‍ അറ്റകുറ്റപ്പണികള്‍ ഇതിനോടകം 101-ാം തവണയിലേക്ക് കടന്നതോടെ, മേല്‍പാലത്തിന്റെ നിര്‍മാണ നിലവാരത്തെക്കുറിച്ചുള്ള ആശങ്ക ശക്തമായി.

തൃശൂര്‍: ദേശീയപാത 544-ലെ വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ വടക്കഞ്ചേരി ഇടതു മേല്‍പാലം വീണ്ടും അറ്റകുറ്റപ്പണികള്‍ക്കായി അടച്ചു. 2021-ല്‍ ഗതാഗതത്തിനായി തുറന്ന പാലത്തില്‍ അറ്റകുറ്റപ്പണികള്‍ ഇതിനോടകം 101-ാം തവണയിലേക്ക് കടന്നതോടെ, മേല്‍പാലത്തിന്റെ നിര്‍മാണ നിലവാരത്തെക്കുറിച്ചുള്ള ആശങ്ക ശക്തമായി. പാലത്തിലെ ജോയിന്റുകളില്‍ വിള്ളല്‍ രൂപപ്പെടുകയും വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ശക്തമായ ശബ്ദവും കുലുക്കവും അനുഭവപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് തൃശൂര്‍ ദിശയിലേക്കുള്ള മൂന്ന് വരി പാത പൂര്‍ണമായും അടച്ചത്. നിലവില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് വാഹനങ്ങളെ വടക്കഞ്ചേരി വലതു മേല്‍പാലത്തിന്റെ ഇടതുവശത്തുകൂടിയാണ് തിരിച്ചുവിടുന്നത്.

പാലക്കാട് ഭാഗത്തേക്കുള്ള മേല്‍പാലത്തില്‍ കഴിഞ്ഞ മേയ് 16 മുതല്‍ നടന്ന അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. ആ ഭാഗത്ത് ഗതാഗതം പുനഃസ്ഥാപിച്ചതിന് പിന്നാലെയാണ് തൃശൂര്‍ ഭാഗത്തെ മേല്‍പാലം അടച്ച് ജോയിന്റുകളുടെ അറ്റകുറ്റപ്പണി ആരംഭിച്ചത്. തകര്‍ന്ന ജോയിന്റുകളില്‍ ഇരുമ്പുപാളികള്‍ ഘടിപ്പിച്ച് കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവൃത്തികളാണ് നടക്കുന്നത്. പണികള്‍ പൂര്‍ത്തിയാക്കി ഗതാഗതം പൂര്‍ണമായും സാധാരണ നിലയിലാക്കാന്‍ ഒന്നരമാസമെങ്കിലും വേണ്ടിവരുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

2021 ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്ത മേല്‍പാലത്തില്‍ തുടര്‍ച്ചയായി അറ്റകുറ്റപ്പണികള്‍ നടത്തേണ്ടി വരുന്നത് യാത്രക്കാരിലും നാട്ടുകാരിലും ആശങ്ക വര്‍ധിപ്പിക്കുകയാണ്. പതിവ് അറ്റകുറ്റപ്പണികള്‍ മാത്രമാണെന്നാണ് നിര്‍മാണ കമ്പനിയുടെ വിശദീകരണമെങ്കിലും, ഇത്രയും വ്യാപകമായി വീണ്ടും വീണ്ടും പാലം കുത്തിപ്പൊളിക്കുന്നത് നിര്‍മാണത്തിലെ അപാകതകളുടെ തെളിവാണെന്നാണ് നാട്ടുകാരുടെ ആരോപണം. ദിവസേന ആയിരക്കണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന ദേശീയപാതയില്‍ ആവര്‍ത്തിച്ചുള്ള അറ്റകുറ്റപ്പണികള്‍ രൂക്ഷമായ ഗതാഗതക്കുരുക്കിനും യാത്രാദുരിതത്തിനും ഇടയാക്കുന്ന സാഹചര്യത്തില്‍, മേല്‍പാലത്തിന്റെ ഘടനാപരമായ സുരക്ഷ വിലയിരുത്താന്‍ സ്വതന്ത്ര വിദഗ്ധ സമിതിയെ നിയോഗിച്ച് സമഗ്ര പരിശോധന നടത്തണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ശക്തമാകുകയാണ്.