നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെയാണ് മുന്നണികൾക്ക് ആവേശമായി പ്രമുഖ നേതാക്കൾ കളം നിറയുന്നത്

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ മുന്നണികൾക്ക് ആവേശമായി പ്രമുഖ നേതാക്കൾ കളം നിറയുന്നു. യുഡിഎഫ് അണികളിൽ ആവേശം വിതറി പ്രിയങ്ക ഗാന്ധി റോ‍ഡ്ഷോ നടത്തിയപ്പോൾ സ്വരാജിനെ ജയിപ്പിക്കാൻ കഴിഞ്ഞ മൂന്ന് മുഖ്യമന്ത്രി നിലമ്പൂരിൽ ക്യാംപ് ചെയ്ത് പ്രചാരണം നടത്തുകയാണ്. എൻഡിഎ ജയിച്ചാൽ നിലമ്പൂര്‍-നഞ്ചൻകോട് റെയിൽപാത യാഥാർത്ഥ്യമാക്കുമെന്ന വാഗ്ദാനവുമായി ബിജെപി പ്രകടന പത്രിക പുറത്തിറക്കി.

ക്രിക്കറ്റ് താരം യൂസുഫ് പഠാനെ ഇറക്കി റോഡ്ഷോ നടത്തിയാണ് പിവി അൻവർ നിലമ്പൂരിൽ കരുത്ത് തെളിക്കാൻ ശ്രമിക്കുന്നത്. ചുങ്കത്തറയിലാണ് യൂസുഫ് പഠാന പങ്കെടുപ്പിച്ചുകൊണ്ട് പിവി അൻവറിനായുള്ള റോഡ് ഷോ നടന്നത്. പിവി അൻവറിനായി പ്രചാരണത്തിനെത്തിയ യൂസുഫ് പഠാനെ നേരിൽ കണ്ടതിന്‍റെ ക്രിക്കറ്റ് കളിച്ചതിന്‍റെ സന്തോഷത്തിലാണ് നിലമ്പൂരിലെ കുട്ടികൾ. പഠാന്‍റെ അഭിനന്ദനങ്ങളും വാക്കുകളും ഗുണം ചെയ്യുമെന്ന് കുട്ടികൾ പറയുന്നു.

യുഡിഎഫിന്‍റെ റോഡ് ഷോയിൽ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രിയങ്ക ഗാന്ധി എംപി നടത്തിയത്. ആര്യാടൻ ഷൗക്കത്തിനെ വിജയിപ്പിച്ചാൽ വയനാട് എംപി എന്ന നിലയിൽ എൻ്റെ ജോലിയും എളുപ്പമാകുമെന്നും ഇവിടെ മാറ്റത്തിനു വേണ്ടിയുള്ള ആദ്യ അവസരമാണ് ഈ തെരഞ്ഞെടുപ്പെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.ജനത്തിന് അടിസ്ഥാന സുരക്ഷ ഒരുക്കേണ്ടത് സംസ്ഥാന സർക്കാരാണ്. ആശാ വർക്കർമാരുടെ ദുരിതം എനിക്കറിയാം. കൊവിഡ് കാലത്ത് മികച്ച പ്രവർത്തനം നടത്തിയവരാണ് ഓണറേറിയം കൂട്ടണമെന്ന ആവശ്യം ന്യായമാണെന്നും എന്നിട്ടും സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഏഴു മാസത്തിനകം നിലമ്പൂർ-നഞ്ചൻകോട് റെയിൽപ്പാത നിർമ്മാണം ആരംഭിക്കുമെന്നാണ് ബിജെപിയുടെ നിലമ്പൂര്‍ തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയിലെ വാഗ്ദാനം. കൂടുതൽ ട്രെയിനുകൾ അനുവദിച്ച് നിലമ്പൂരിലേക്കുള്ള യാത്രാ സൗകര്യം ഉയർത്തുമെന്നും ബിജെപിയുടെ പ്രകടന പത്രികയിലുണ്ട്. ജില്ലാ ആശുപത്രിയെ ക്യാൻസർ സ്പെഷ്യാലിറ്റി സെന്‍ററായി ഉയർത്തും.

കാലിക്കറ്റ് - നിലമ്പൂർ - ഗൂഡല്ലൂർ നാലു വരി ഹൈവേ വികസനം യാഥാർത്ഥ്യമാക്കുമെന്നും പ്രകടന പത്രികയിലുണ്ട്. പ്രശസ്ത മാന്ത്രികൻ ആർ.കെ. മലയത്തിന് നൽകി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രകടന പത്രിക പ്രകാശനം ചെയ്തു.

അതേസമയം, നിലമ്പൂരിൽ ജയിച്ചാലും തോറ്റാലും ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എന്‍ഡിഎ ജയിച്ചാൽ 60 കൊല്ലം കൊണ്ട് പറ്റാത്തത് ഏഴു മാസത്തിൽ ബിജെപി ചെയ്യും. ഭരണഘടന ഉയർത്തി നടക്കുന്ന കോൺഗ്രസ് വർഗീയ വിഷം പടർത്തുകയാണെന്നും രാജീവ് ചന്ദ്രശേഖർ നിലന്പൂരിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

എം.സ്വരാജിനായി പ്രചരണത്തിന് നടനും നിർമാതാവുമായ ഇബ്രാഹിംകുട്ടിയും അഭിഭാഷകനും നടനുമായ സി.ഷുക്കൂറും നിലമ്പൂരിലെത്തി. തൃപ്പൂണിത്തുറയിൽ സ്വരാജിനെതിരായി പ്രചാരണം നടത്തിയതിന്‍റെ പ്രായശ്ചിത്തമെന്ന് ഇബ്രാഹിം കുട്ടി പറഞ്ഞു. മമ്മൂട്ടിയെ പോലെയാണ് പിണറായി വിജയനെന്നും ഇബ്രാഹിം കുട്ടി പറയുന്നു. ലീഗിന്‍റെയും പോഷക സംഘടനകളുടെയും വേദികളിലെ ക്ഷണിണാതാവായിരുന്ന ഇബ്രാഹിം കുട്ടിയാണ് ഇടത്തേക്ക് ചാഞ്ഞത്.

എം. സ്വരാജിന്‍റെ സ്ഥാനാർത്ഥിത്വം വലിയ അങ്കലാപ്പ് സൃഷ്ടിച്ചതോടെ യുഡിഎഫ് സാധാരണ നിലവിട്ട് കളിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിലമ്പൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പറഞ്ഞു. അതിന്‍റെ ഭാഗമാണ് ജമാഅത്തെ ഇസ്ലാമിയെ യു ഡി.എഫ് കൂട്ടുപിടിച്ചത്. കേരളത്തിലെ എല്ലാ മുസ്ലീം സംഘടനകളും അകറ്റി നിർത്തിയ സംഘടനയാണ് ജമാഅത്തെ ഇസ്ലാമിയെന്നും ഒരു വിഘടന ശക്തിയുടേയും ആശീർവാദം എൽ.ഡി.എഫിന് വേണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. എന്നാൽ, മുഖ്യമന്ത്രിയാണ് ജമാ അത്തെ ഇസ്ലാമിയെ ആദ്യം സ്വാഗതം

ചെയ്തെന്നും ഇപ്പോൾ പഴയതെല്ലാം മുഖ്യമന്ത്രി മറന്നോ എന്നും വി.ഡി സതീശൻ തിരിച്ചടിച്ചു