മാലിന്യം പുറത്തേക്കൊഴുകുന്നത് തടയാന്‍ രണ്ടുദിവസത്തിനകം കോര്‍പ്പറേഷന്‍ നടപടിയെടുക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കളക്ടര്‍ ഉത്തരവിട്ടു.

കോഴിക്കോട്: ഞെളിയന്‍ പറമ്പ് മാലിന്യ സംസ്‌കരണത്തില്‍ കോഴിക്കോട്ട് കോര്‍പ്പറേഷനെതിരെ നിലപാട് കടുപ്പിച്ച് ജില്ലാ കളക്ടര്‍. ഞെളിയന്‍പറമ്പിലെ ബയോമൈനിംഗും ക്യാപ്പിംഗും പൂര്‍ത്തിയായില്ലെന്നും മാലിന്യം പുറത്തേക്കൊഴുകുന്നത് തടയാന്‍ രണ്ടുദിവസത്തിനകം കോര്‍പ്പറേഷന്‍ നടപടിയെടുക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കളക്ടര്‍ ഉത്തരവിട്ടു. ജില്ല കളക്ടറുടെ ഉത്തരവിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. എന്നാല്‍ സോണ്‍ടയെ സംരക്ഷിച്ച് അടിയന്തിര പരിഹാരമാര്‍ഗ്ഗങ്ങള്‍ നേരിട്ട് ചെയ്യാനാണ് കോര്‍പ്പറേഷന്‍ നീക്കം.

സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ ഞെളിയന്‍പറമ്പിലെ വെയ്സ്റ്റ് ടു എനര്‍ജി പദ്ധതിയുടെ കരാര്‍ കാലാവധി കോര്‍പ്പറേഷന്‍ സോണ്‍ടയ്ക്ക് നീട്ടി നല്‍കിയതിന് തൊട്ടുപുറകേയാണ് കളക്ടറുടെ ഇടപെടല്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ രൂക്ഷമായ ഭാഷയിലാണ് കളക്ടര്‍ കോര്‍പ്പറേഷന്‍ അധികൃതരെ വിമര്‍ശിച്ചത്.

പദ്ധതിയുടെ ഭാഗമായ ബയോമൈനിംഗും ക്യാപ്പിംഗും ഇനിയും പൂര്‍ത്തിയായിട്ടില്ല. മഴക്കാലത്തിന് മുമ്പ് ഇതുറപ്പുനല്‍കിയ സോണ്‍ട അലംഭാവം കാണിച്ചു. മഴ കനക്കുന്നതോടെ, കെട്ടിക്കിടക്കുന്ന മാലിന്യം പുറത്തേക്കൊഴുകുമെന്നും ഇത് ഗുരുതര പാരിസ്ഥിതിക പ്രശ്‌നത്തിന് കാരണമാകുമെന്നും കളക്ടര്‍ കണ്ടെത്തി. സമയം നീട്ടി നല്‍കിയിട്ടും പ്രവര്‍ത്തികള്‍ കൃത്യമായി പൂര്‍ത്തിയാക്കുന്നതില്‍ സോണ്‍ടയ്ക്ക് വീഴ്ച പറ്റിയെന്നാണ് കണ്ടെത്തല്‍. മഴയത്ത് മാലിന്യം പുറത്തേക്കൊഴുകുന്നത് തടയാന്‍ രണ്ടുദിവസത്തിനകം കോര്‍പ്പറേഷന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കളക്ടര്‍ ഉത്തരവിട്ടു. 

സോണ്‍ടയ്ക്ക് കൃത്യമായ നിര്‍ദ്ദേശം നല്‍കി അവരെക്കൊണ്ടുതന്നെ പ്രശ്‌നപരിഹാരമുണ്ടാക്കണമെന്നും പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് അധികൃതര്‍ പ്രവര്‍ത്തി വിലയിരുത്തി അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജില്ല കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്ഥിതി രൂക്ഷമെന്ന് കളക്ടര്‍ ചൂണ്ടിക്കാട്ടിയിട്ടും സോണ്‍ടയെ സംരക്ഷിക്കുന്ന നിലപാടാണ് കോര്‍പ്പറേഷന്‍ സ്വീകരിക്കുന്നത്. കളക്ടര്‍ കണ്ടെത്തിയ ക്രമക്കേടുകളിലെ പരിഹാരമാര്‍ഗ്ഗങ്ങള്‍ നേരിട്ടുചെയ്യുമെന്നാണ് കോര്‍പ്പറേഷന്‍ വിശദീകരണം. കരാറേറ്റെടുത്ത സോണ്‍ടയെക്കൊണ്ട് ഇത് ചെയ്യിക്കാതിരിക്കുന്നത് ഉന്നത ഇടപെടലിന്റെ ഫലമായെന്നാണ് വിവരം. ദുരന്തനിവാരണ അതോറിറ്റി യോഗത്തിലെ വിമര്‍ശനങ്ങള്‍ മയപ്പെടുത്തി, സോണ്‍ടയ്ക്ക് അനുകൂലമാക്കാന്‍ ഇടപെടലുണ്ടായെന്നും വിവരമുണ്ട്.

'ഒന്നുറക്കെ കരഞ്ഞിരുന്നെങ്കില്‍ ഞാനുണര്‍ന്നേനെ വാറുണ്ണി',ആ ഉറക്കത്തിന് പിന്നിലെ രഹസ്യം പരസ്യമാക്കി ലാബുഷെയ്ന്‍


YouTube video player