സോണ്‍ട കമ്പനി അധികൃതരെ ബന്ധപ്പെടാന്‍ കഴിയാത്തതിനാല്‍ സ്വന്തം നിലയ്ക്ക് പരിഹാരം കാണാനുള്ള ശ്രമമാണെന്നാണ് കോര്‍പ്പറേഷന്റെ വിശദീകരണം.
കോഴിക്കോട്: ഞെളിയന്‍പറമ്പിലെ മാലിന്യ സംസ്‌കരണത്തില്‍ ജില്ല ദുരന്ത നിവാരണ അതോറിറ്റി നിലപാട് കടുപ്പിച്ചിട്ടും മാലിന്യ മലക്കു മുകളില്‍ പ്ലാസ്റ്റിക് ഷീറ്റു മാത്രമിട്ട് തലയൂരി കോഴിക്കോട് കോര്‍പ്പറേഷന്‍. ബയോമൈനിംഗും ക്യാപ്പിംഗും പൂര്‍ത്തിയാവാത്തതിനാല്‍ മഴയത്ത് മലിനജലം പുറത്തേക്കൊഴുകുന്നത് തടയാന്‍ നടപടിയാവശ്യപ്പെട്ടാണ് നാട്ടുകാര്‍ കളക്ടര്‍ക്ക് പരാതി നല്‍കിയത്. എന്നാല്‍ സോണ്‍ട കമ്പനി അധികൃതരെ ബന്ധപ്പെടാന്‍ കഴിയാത്തതിനാല്‍ സ്വന്തം നിലയ്ക്ക് പരിഹാരം കാണാനുള്ള ശ്രമമാണെന്നാണ് കോര്‍പ്പറേഷന്റെ വിശദീകരണം.
അഞ്ചുതവണ സമയം നീട്ടി നല്‍കിയിട്ടും സോണ്‍ട ബയോമൈനിംഗ് പൂര്‍ത്തിയാക്കാത്ത സാഹചര്യത്തിലായിരുന്നു ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ല കളക്ടര്‍ പ്രശ്‌നത്തിലിടപെട്ടത്. പ്രവര്‍ത്തിയുടെ അശാസ്ത്രീയത കാരണം, മഴയത്ത് മലിന ജലം ഒലിച്ചിറങ്ങി ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് പരിസര വാസികള്‍ ജില്ലകളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അടിയന്തിര പ്രശ്‌ന പരിഹാരം സോണ്‍ടയെ കൊണ്ട് ചെയ്യിക്കാന്‍ കഴിഞ്ഞയാഴ്ച ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കളക്ടര്‍ കോര്‍പ്പറേഷന് കര്‍ശന നിര്‍ദ്ദേശവും നല്‍കി. ഒരാഴ്ച പിന്നിടുമ്പോള്‍, സോണ്‍ട അധികൃതരെ ഫോണില്‍ പോലും കിട്ടിയില്ലെന്ന വിചിത്ര വിശദീകരണത്തോടെയാണ് കോര്‍പ്പറേഷന്‍ സ്വന്തം നിലയ്ക്ക് മാലിന്യ മല പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മൂടിയിരിക്കുന്നത്. ബയോ മൈനിംഗ് കഴിഞ്ഞാല്‍ ക്യാപ്പിംഗ് ലൈനര്‍ ഉപയോഗിച്ച് സംസ്‌കരിക്കലുമാണ് ശാസ്ത്രീയ രീതി. ഇതോടെ, മാലിന്യ സംസ്‌കരണത്തിന്റെ പ്രധാന ഘട്ടം പൂര്‍ത്തിയാകും. ഇതൊന്നും നടന്നില്ലെന്ന് മാത്രമല്ല, സോണ്‍ട ചെയ്യേണ്ട അടിസ്ഥാന പ്രവര്‍ത്തി പോലും കോര്‍പ്പറേഷന്‍ സ്വന്തം പണംമുടക്കി ചെയ്തു.
പ്രദേശവാസികളുടെ ദുരിതം കണക്കിലെടുത്താണ് താത്ക്കാലിക പരിഹാരമെന്ന നിലയില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിട്ട് മാലിന്യ മല മൂടിയതെന്നാണ് കോര്‍പ്പറേഷന്‍ വിശദീരണം. ഈ മാസം 27ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗില്‍ വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ കോഴിക്കോട് കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഗോത്ര വിഭാഗങ്ങൾക്കിടയിൽ ആത്മഹത്യ വർധിക്കുന്നു, കൗൺസിലിംഗ് ആവശ്യപ്പെട്ട് ഊരുമൂപ്പൻമാർ

