ബ്രേക്കില്ല, ഇപ്പോഴിതാ ബെല്ലും; കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ക്ക് യൂത്ത് കോൺഗ്രസ് വക ചുക്കുകാപ്പിയും വിസിലും
മണ്ണാർക്കാട് നിന്ന് 3 മണിക്ക് പുറപ്പെട്ട് അട്ടപ്പാടി റൂട്ടിൽ ഓടുന്ന കെഎസ്ആര്‍ടിസി ബസിലെ ജീവനക്കാരാണ് ബെല്ലില്ലാതെ ബുദ്ധിമുട്ടിയത്
അട്ടപ്പാടി: ബെല്ലില്ലാതെ ചുരം കയറി വന്ന കെഎസ്ആര്‍ടിസി ബസിന് വിസിൽ വാങ്ങി നൽകി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. മണ്ണാർക്കാട് നിന്ന് 3 മണിക്ക് പുറപ്പെട്ട് അട്ടപ്പാടി റൂട്ടിൽ ഓടുന്ന കെഎസ്ആര്‍ടിസി ബസിലെ ജീവനക്കാരാണ് ബെല്ലില്ലാതെ ബുദ്ധിമുട്ടിയത്. അട്ടപ്പാടി ചുരത്തിലൂടെ ഉള്ള യാത്രാമദ്ധ്യേ പലതവണ മറ്റു വാഹനങ്ങൾ വരുമ്പോൾ പുറകോട്ട് എടുക്കാനും യാത്രകർക്കു ഇറങ്ങാനുമൊക്കെ കണ്ടക്ടർ കൂകിയാണ് സിഗ്നൽ കൊടുത്തു കൊണ്ടിരുന്നത്.
ഇത് ബസ് യാത്രക്കാര്‍ വഴി അറിഞ്ഞ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബെല്ലിന് പകരം വിസിലും കൂകി മടുത്ത കണ്ടക്ടർക്കും ഡ്രൈവർക്കും ചുക്ക് കാപ്പിയും വാങ്ങി നൽകി. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുൻപ് വിദ്യാർഥികൾ ഉൾപ്പെടെ നിറയെ ആളുകളുമായി മണ്ണാർക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടപ്പെട്ട് പാറയിൽ ഇടിച്ചു നിർത്തിയാണ് വൻ ദുരന്തം ഒഴിവായത്.
അട്ടപ്പാടി റൂട്ടിലെ മിക്ക കെഎസ്ആര്‍ടിസി ബസുകളും ബ്രേക്കും ബെല്ലും ഇല്ലാതെയും മറ്റു തകരാറുകളുമായിയൊക്കെയാണ് ഓടുന്നത്. പഴക്കം ചെന്ന ഇത്തരം ബസുകൾ ഒഴിവാക്കി നല്ല ബസുകൾ അട്ടപ്പാടി റൂട്ടിലേക്ക് അനുവദിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് അഗളി മണ്ഡലം പ്രസിഡന്റ് അക്ഷയ് ജോസഫ്, കോൺഗ്രസ് അഗളി മണ്ഡലം പ്രസിഡന്റ് ജോബി കുര്യക്കാട്ടിൽ, നേതാക്കളായ കെജെ ദേവസ്യ, സഫിൻ അട്ടപ്പാടി, മണികണ്ഠൻ സാമ്പാർകോട്, ടിനു ജേക്കബ് എന്നിവർ നേതൃത്വം നൽകി.
കൊല്ലത്ത് കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു, ഡ്രൈവർ അടക്കം ആശുപത്രിയിൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം