വയനാട് എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ രേഖകളില്ലാതെ കടത്തിയ 86.58 ലക്ഷം പിടികൂടി. ബെംഗ്ളുരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരായ മഹാരാഷ്ട്ര സ്വദേശികളായ യുവാക്കൾ കസ്റ്റഡിയിൽ.
മാനന്തവാടി: വയനാട്ടില്‍ ദിവസങ്ങള്‍ക്കകം വീണ്ടും വന്‍തോതില്‍ രേഖകളില്ലാതെ കടത്തിയ പണം പിടികൂടി. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടുകൂടിയാണ് തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റിന്റെ മുന്‍വശം നടത്തിയ വാഹന പരിശോധനയില്‍ 86,58,250 രൂപ പിടിച്ചെടുത്തത്. സംഭവത്തില്‍ പണം കടത്തിക്കൊണ്ടുവന്ന ഇതരസംസ്ഥാനക്കാരായ രണ്ട് യുവാക്കളും കസ്റ്റഡിയിലായിട്ടുണ്ട്. ബെംഗളുരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിലെ യാത്രക്കാരായിരുന്ന മഹാരാഷ്ട്ര സംഗ്ലീ ജില്ലയിലെ ഖാനപ്പൂര്‍ കര്‍വ ചിന്‍ഞ്ചനി സാന്‍കേത് തുക്കാറാം നിഗം (24), മഹാരാഷ്ട്ര സംഗ്ലീ ടാന്‍ഗാവ് സൊര്‍ഗാവ് നിംബ്ലാക്ക് ഉമേഷ് പട്ടേല്‍ (25) പിടിയിലായത്. ഇരുവരുടെയും കൈവശം പണംകൊണ്ടുപോകുന്നതിനായി ഒരു വിധത്തിലുമുള്ള രേഖകള്‍ ഉണ്ടായിരുന്നില്ലെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടിച്ചെടുത്ത പണം തുടര്‍നടപടികള്‍ക്കായി ആദായനികുതിവകുപ്പിന് കൈമാറി. ഈ മാസം ആദ്യവാരം കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയില്‍ മീനങ്ങാടിക്ക് സമീപം എക്‌സൈസ് നടത്തിയ വാഹന പരിശോധനക്കിടയിലും വന്‍തുക രേഖകളില്ലാത്തതിനാല്‍ പിടിച്ചെടുത്തിരുന്നു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. ബൈജു, പ്രിവന്റീവ് ഓഫീസര്‍മാരായ കെ. ജോണി, അരുണ്‍ പ്രസാദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജേഷ് കെ. തോമസ്, ബി. സുദിപ്, സിവില്‍ എക്‌സെസ് ഓഫീസര്‍ ഡ്രൈവര്‍ ഷിംജിത്ത് എന്നിവരടങ്ങിയ സംഘമാണ് തോല്‍പ്പെട്ടി ചെക്‌പോസ്റ്റില്‍ പരിശോധന നടത്തിയത്.


