കൊച്ചിയിലെ തിരക്കേറിയ ബസ് സ്റ്റോപ്പുകളിൽ നിന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ചിരുന്ന അസം സ്വദേശി ബബ്ലുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പെരുമ്പാവൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്
കൊച്ചി: കൊച്ചിയിലെ തിരക്കുള്ള ബസ് സ്റ്റോപ്പുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അസം സ്വദേശി ബബ്ലുവിനെ കയ്യോടെ പിടികൂടി പൊലീസ്. ബസ് സ്റ്റോപ്പുകളിൽ കറങ്ങി നടന്ന് യാത്രക്കാരുടെ ബാഗിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച് മുങ്ങുന്നതാണ് ബബ്ലുവിന്‍റെ ശൈലി. അങ്കമാലി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ബബ്ലുവിനെ പെരുമ്പാവൂരിൽ നിന്നും അറസ്റ്റ് ചെയ്തത്. സി സി ടി വി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്. വിലകൂടിയ മൊബൈൽ ഫോണുകൾ മോഷ്ടിച്ച ശേഷം വിൽപ്പന നടത്തുകയാണ് ഇയാളുടെ പതിവ്. ലഹരിവസ്തുക്കൾ വാങ്ങുന്നതിന് വേണ്ടിയാണ് മൊബൈൽ മോഷ്ടിച്ച് വിൽക്കുന്നതെന്ന് പൊലീസിനോട് ബബ്ലു വെളിപ്പെടുത്തി. പിന്നാലെ കോടതിയിൽ ഹാജരാക്കിയ ബബ്ലുവിനെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

പെരുമ്പാവൂരിൽ സ്കൂളിൽ മോഷണം
അതിനിടെ കൊച്ചിയിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത പെരുമ്പാവൂർ ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ മോഷണം നടന്നു എന്നതാണ്. സ്കൂളിലെ ഓഫീസ് മുറികളുടെ വാതിൽ തകർത്താണ് മോഷണം നടത്തിയത്. ഹെഡ്മാസ്റ്ററുടെ മുറിയുടെയും സ്റ്റാഫ് റൂമിന്റെയും വാതിലുകളാണ് തകർത്തത്. ഹെഡ്മാസ്റ്ററുടെ മുറിയിൽ മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 3600 രൂപ മോഷ്ടാവ് കവർന്നു. സ്കൂൾ ബസ്സുകൾക്ക് ഡീസൽ അടിക്കുന്നതിനുവേണ്ടി സൂക്ഷിച്ചിരുന്ന പണമാണ് മോഷണം പോയതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
മലപ്പുറത്തെ സ്കൂളിലും മോഷണം
അതേസമയം മലപ്പുറം എടക്കുളം ചങ്ങമ്പള്ളി എ എം എല്‍ പി സ്‌കൂളിലും മോഷണം നടന്നു. സ്കൂളിൽ നടന്ന മോഷണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ രംഗത്തെത്തി. തിരൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് വിദ്യാർത്ഥികൾ പരാതി നല്‍കിയത്. ഒക്ടോബര്‍ 25 ന് പകല്‍ സമയത്താണ് സ്‌കൂളില്‍ നിന്ന് വിദ്യാര്‍ഥികള്‍ കാരുണ്യ പ്രവര്‍ത്തനത്തിനായി ശേഖരിച്ച 15000 ത്തോളം രൂപ മോഷണം പോയത്. മേശയും അലമാരയും കുത്തിത്തുറന്ന മോഷ്ടാവ് പണവുമായി കടന്ന് കളയുകയായിരുന്നു. പൊലീസ് സ്‌കൂളില്‍ എത്തി അന്വേഷണം നടത്തിയിരുന്നു. സി സി ടി വികളില്‍ നിന്ന് മോഷ്ടാവിന്റെ ചിത്രം ലഭിച്ചിരുന്നു. നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ സ്റ്റേഷനില്‍ എത്തി എസ് ഐക്ക് പരാതി സമര്‍പ്പിച്ചത്. കുട്ടികള്‍ പിറന്നാള്‍ ദിനത്തില്‍ ആഘോഷത്തിനായ് മാറ്റി വെച്ച തുക സ്‌കൂളില്‍ എത്തിച്ച് പാവപ്പെട്ടവരുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ചെലവഴിക്കാറാണ് പതിവ്. ഈ പണമാണ് മോഷ്ടാവ് കൊണ്ടുപോയത്. ഇത് വിദ്യാര്‍ഥികളെ വലിയ വിഷമത്തിലാക്കിയിരുന്നു. പ്രധാനാധ്യാപിക തബീഥ, ഇ പി സലീം, സി പി സുലൈമാന്‍, കെ അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എന്നിവര്‍ക്കൊപ്പം വിദ്യാര്‍ഥികളായ ഹയ സനിയ, ഹന, ഫസീഹ് എന്നിവര്‍ ചേര്‍ന്നാണ് പൊലീസിന് പരാതി നല്‍കിയത്.


