Asianet News MalayalamAsianet News Malayalam

Suicide : സഹോദരിയുടെ വിവാഹത്തിന് പ്രതീക്ഷിച്ച വായ്പ ലഭിച്ചില്ല; സഹോദരന്‍ തൂങ്ങിമരിച്ചു

ആഭരണങ്ങളെടുത്തശേഷം, പണവുമായി ഉടനെത്താമെന്നറിയിച്ച് വിപിന്‍ പോയി. എന്നാല്‍, വായ്പ അനുവദിക്കാനാകില്ലെന്ന് ബാങ്കില്‍നിന്ന് പിന്നീട് അറിയിപ്പ് ലഭിച്ചത്. 

No loan for sisters wedding The young man hanged himself
Author
Trissur, First Published Dec 7, 2021, 9:36 AM IST

തൃശ്ശൂര്‍: സഹോദരിയുടെ വിവാഹത്തിന് അഞ്ചു ദിവസം മുന്‍പ് സഹോദരന്‍ വീട്ടില്‍ തൂങ്ങിമരിച്ചു. വിവാഹം നടത്താന്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ച വായ്പ (Loan) ലഭിക്കില്ലെന്ന് അറിഞ്ഞതോടെയാണ് തൃശ്ശൂര്‍ (Trissur) ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ പച്ചാലപ്പൂട്ട് വീട്ടില്‍ വിപിന്‍ (25) ആത്മഹത്യ ചെയ്തത്. വിവാഹത്തിന് (Marriage) ആഭരണങ്ങളെടുക്കാന്‍ അമ്മയെയും സഹോദരിയെയും സ്വര്‍ണ്ണക്കടയില്‍ ഇരുത്തിയ ശേഷമാണ് വിപിന്‍ വീട്ടിലെത്തി തൂങ്ങിമരിച്ചത്. 

സഹോദരിയുടെ വിവാഹാവശ്യങ്ങള്‍ക്കായി ബാങ്കില്‍നിന്ന് വായ്പ തേടിയിരുന്നു. മൂന്നുസെന്റ് ഭൂമി മാത്രമേയുള്ളൂവെന്നതിനാല്‍ എവിടെനിന്നും വായ്പ കിട്ടിയില്ല. തുടര്‍ന്ന്, പുതുതലമുറ ബാങ്കില്‍നിന്ന് വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. കഴിഞ്ഞദിവസം വായ്പ നല്‍കാമെന്ന് ബാങ്ക് അറിയിപ്പിനെത്തുടര്‍ന്ന് വിവാഹത്തിന് സ്വര്‍ണമെടുക്കാനായി അമ്മയെയും സഹോദരിയെയും കൂട്ടി സ്വര്‍ണ്ണക്കടയില്‍ എത്തി. 

ആഭരണങ്ങളെടുത്തശേഷം, പണവുമായി ഉടനെത്താമെന്നറിയിച്ച് വിപിന്‍ പോയി. എന്നാല്‍, വായ്പ അനുവദിക്കാനാകില്ലെന്ന് ബാങ്കില്‍നിന്ന് പിന്നീട് അറിയിപ്പ് ലഭിച്ചത്. തുടര്‍ന്നാണ് വിപിന്‍ വീട്ടില്‍ തൂങ്ങിമരിച്ചത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിയുണ്ടായിരുന്ന വിപിന് കോവിഡ്കാലത്ത് ജോലി നഷ്ടപ്പെട്ടിരുന്നു. മരപ്പണിക്കാരനായിരുന്ന അച്ഛന്‍ വാസു അഞ്ചുകൊല്ലംമുമ്പ് മരിച്ചു. 

കുറച്ചുനാള്‍മുമ്പ് നിശ്ചയിച്ച വിവാഹമായിരുന്നു വിപിന്റെ സഹോദരിയുടേത്. സാമ്പത്തിക പ്രതിസന്ധി കാരണം നീട്ടിവെക്കുകയായിരുന്നു. സ്വര്‍ണ്ണക്കടയില്‍ ഏറെനേരം കാത്തിരുന്നിട്ടും വിപിനെ കാണാതായതോടെ അമ്മ ബേബിയും സഹോദരി വിദ്യയും വീട്ടിലെത്തിയപ്പോഴാണ് വിപിനെ മരിച്ചനിലയില്‍ കണ്ടത്.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

Follow Us:
Download App:
  • android
  • ios