ഇന്നലെ വൈകിട്ട് ഷാലിമാർ എക്സ് പ്രസിലാണ് മത്സ്യം കൊണ്ടു വന്നത്. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധനയ്ക്കെത്തിയെങ്കിലും റെയിൽവേ തടഞ്ഞിരുന്നു. എന്നാൽ വാർത്ത പുറത്ത് വന്നതോടെ ആരോഗ്യ വിഭാഗം പരിശോധനയ്ക്കെത്തുകയായിരുന്നു.
തൃശൂർ: ട്രെയിനിൽ എത്തിച്ച മത്സ്യം ഏറ്റെടുക്കാനാളില്ലാതെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ കെട്ടിക്കിടക്കുന്നു. 40 ബോക്സുകളിലാണ് സ്റ്റേഷനിൽ മത്സ്യം കിടക്കുന്നത്. മത്സ്യബോക്സുകൾ നീക്കം ചെയ്യാനോ ബോക്സുകൾ പരിശോധിക്കാനോ റെയിൽവേ അധികൃതർ തയ്യാറായിരുന്നില്ല. ഇന്നലെ വൈകിട്ട് ഷാലിമാർ എക്സ് പ്രസിലാണ് മത്സ്യം കൊണ്ടു വന്നത്. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധനയ്ക്കെത്തിയെങ്കിലും റെയിൽവേ തടഞ്ഞിരുന്നു. എന്നാൽ വാർത്ത പുറത്ത് വന്നതോടെ ആരോഗ്യ വിഭാഗം പരിശോധനയ്ക്കെത്തുകയായിരുന്നു.
റെയിൽവേയുടെ ആരോഗ്യ വിഭാഗമാണ് പരിശോധനയ്ക്കെത്തിയത്. 15 ബോക്സുകളിലുള്ളത് ഐസിട്ട പച്ച മീനും 21 ബോക്സിൽ ഉള്ളത് ഉണക്കമീനുമാണ്. തൃശൂരിലെ നാലു പേർക്കായിട്ടാണ് ഇവ എത്തിച്ചത്. സംഭവത്തിൽ 3 പേരെ വിളിച്ചു വരുത്തി. മത്സ്യം സംസ്ഥാന ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് കൈമാറും. സംസ്ഥാന ഭക്ഷ്യ സുരക്ഷ വിഭാഗം മത്സ്യം പരിശോധിക്കുന്നുണ്ട്. അതേസമയം, പരിശോധനയിൽ ഉണക്ക മീൻബോക്സുകളിലൊന്നിൽ പുഴുവിനെ കണ്ടെത്തി.
പരിശോധനയിൽ ആറ് ബോക്സുകളിലെ മീനിൽ പുഴുവരിച്ചതായി കണ്ടെത്തി. 1000 കിലോ കേടായ മത്സ്യമാണ് പിടികൂടിയത്. 500 കിലോ ഉണക്ക മീനും 500 കിലോ പച്ച മീനും പുഴുവരിച്ച നിലയിലായിരുന്നു. പരിശോധനയുടെ ആദ്യഘട്ടത്തിൽ ഇത്രയും മോശപ്പെട്ട സാഹചര്യത്തിലായിരിക്കും മത്സ്യമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഉണക്കമീനായിട്ടുപോലും പുഴുവരിച്ച നിലയിലായിരുന്നു. ആറ് ബോക്സുകളിലെ മീനിലും പുഴുവിനെ കണ്ടെത്തിയെന്ന് പരിശോധനക്ക് നേതൃത്വം നൽകിയ ഫുഡ് സേഫ്റ്റി ഓഫീസർ രേഖാ മോഹൻ പറഞ്ഞു. ഒരു ബോക്സ് 80കിലോയോളം വരും. അങ്ങനെയുള്ള രണ്ട് ബോക്സുകളുണ്ട്. ഇതിലും പുഴുവുണ്ടായിരുന്നു. കൂടാതെ അമോണിയയുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. ഇതും ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണ്. അതേസമയം, പിടികൂടിയ മത്സ്യം നശിപ്പിക്കുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു.

