പരാതി നിലനിൽക്കുന്ന സാഹചര്യത്തിൽ സംഘർഷ സാഹചര്യം ഒഴിവാക്കാനാണ് പരിപാടിക്ക് അനുമതി നിഷേധിച്ചതെന്ന് മേയർ
കോഴിക്കോട്: കോഴിക്കോട് ട്രേഡ് സെന്‍ററിലെ ന്യൂ ഇയർ ആഘോഷത്തിന് അനുമതിയില്ലെന്ന് മേയർ ബീന ഫിലിപ്പ്. തണ്ണീർത്തടം നികത്തലുമായി ബന്ധപ്പെട്ട പരാതികൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ട്രേഡ് സെന്‍റർ കെട്ടിടം അനധികൃത നിർമ്മാണം എന്നാണ് കോർപറേഷന്‍റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്.
പരിപാടിക്ക് അനുമതി നിഷേധിച്ച കാര്യം പൊലീസിനെയും അറിയിച്ചിട്ടുണ്ട്. പരിപാടി നടത്താനാവശ്യമായ രേഖകൾ സമർപ്പിക്കാൻ ട്രേഡ് സെന്‍ററിന് കഴിഞ്ഞില്ലെന്ന് സ്റ്റോപ്പ് മെമ്മോയിൽ പറയുന്നു. പരാതി നിലനിൽക്കുന്ന സാഹചര്യത്തിൽ സംഘർഷ സാഹചര്യം ഒഴിവാക്കാനാണ് പരിപാടിക്ക് അനുമതി നിഷേധിച്ചതെന്ന് മേയർ പറഞ്ഞു.
പുതുവത്സര ആഘോഷത്തിന്‍റെ ഭാഗമായി അവിയൽ ബാൻഡിന്‍റെ ഉൾപ്പെടെ സംഗീത പരിപാടിയാണ് ഇന്ന് ട്രേഡ് സെന്‍ററിൽ നടത്താനിരുന്നത്. ആയിരക്കണക്കിന് പേർ പങ്കെടുക്കാനിരുന്ന പരിപാടിയാണ്. പരിപാടി നടത്താൻ പിപിആർ ലൈസൻസ് അനുവദിക്കാൻ മതിയായ രേഖകളില്ല എന്നാണ് സ്റ്റോപ്പ് മെമ്മോയിൽ പറയുന്നത്. എന്നാൽ കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
'മുകളിലൊരാൾ എല്ലാം കാണുന്നുണ്ടേ', പുതുവത്സരാഘോഷത്തിനിടെ ഡ്രോണ്‍ നിരീക്ഷണവുമായി പൊലീസ്

