കാസര്‍ഗോഡ്: മൊബൈൽ ടവർ സ്ഥാപിച്ച് രണ്ട് വർഷമായിട്ടും റേഞ്ചും നെറ്റ്‍വർക്ക് സൗകര്യവുമില്ലാതെ കാസർകോട് പാണത്തൂർ പഞ്ചായത്തിലെ ആയിരത്തഞ്ഞൂറോളം കുടുംബങ്ങൾ. നാട്ടുകാർ പിരിവെടുത്തും നിർമ്മാണത്തിന് സഹായിച്ചും സ്ഥാപിച്ച മൊബൈൽ ടവർ ബിഎസ്എൻഎൽ ഇതുവരെയും കമ്മീഷൻ ചെയ്തിട്ടില്ല. ലാൻഡ്ഫോൺ ബന്ധം പോലുമില്ലാതെ തീർത്തും ഒറ്റപ്പെട്ട നിലയിലാണ് പ്രദേശം.

റേഞ്ച് ഒന്ന് കിട്ടണമെങ്കിൽ കിലോമീറ്ററുകളോളം കുന്ന് കയറണം. നെറ്റ് കിട്ടണമെങ്കിൽ ആറ് കിലോമീറ്റർ പോയി പാണത്തൂർ ടൗണിലെത്തണം. വർഷങ്ങളായി കമ്മാടി, പാടിക്കൊച്ചി, കല്ലപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിൽ ഇതാണവസ്ഥ. ഈ പ്രദേശങ്ങളിൽ കൂടുതലും കന്ന‍ഡ മീഡിയത്തിൽ പഠിക്കുന്ന കുട്ടികളാണ്

നിരന്തരമായ പരാതികൾക്കൊടുവിൽ 2018ലാണ് കല്ലപ്പള്ളിയിൽ ബിഎസ്എൻഎൽ ടവർ നിർമ്മാണം തുടങ്ങിയത്. ഒരു കിലോമീറ്ററോളം കുന്ന് കയറി നാട്ടുകാരാണ് നിർമ്മാണാവശ്യത്തിനുള്ള സാധനങ്ങളെല്ലാം എത്തിച്ചത്. നിർമ്മാണം വേഗത്തിലാക്കാൻ കരാറുകാരന് മുൻകൂറായി ഒന്നരലക്ഷത്തോളം രൂപ പിരിച്ചും നൽകി. 

പക്ഷെ ഇതുവരെയും ടവർ കമ്മീഷൻ ചെയ്തിട്ടില്ല. ബാക്കി പത്ത് ശതമാനം പണി പൂർത്തിയാക്കാൻ കരാറുകാരന് പണം നൽകാത്തതാണ് പ്രശ്നം. ലോക്ക്ഡൗൺ കാരണമാണ് ടവർ കമ്മീഷൻ ചെയ്യൽ നീണ്ട് പോകുന്നതെന്നാണ് ബിഎസ്എൻഎൽ അധികൃതരുടെ വിശദീകരണം.