Asianet News MalayalamAsianet News Malayalam

കടുവ പേടിയില്‍ മൈലമ്പാടി; വളര്‍ത്ത് മൃഗങ്ങള്‍ക്ക് രക്ഷയില്ല.!

പാന്പ്ര, മൈലന്പാടി, പുല്ലുമല പ്രദേശങ്ങളിൽ സ്വകാര്യ പ്ലാന്റേഷനുകൾ ഏറെയുണ്ട്. ഇവിടെയെത്തുന്ന കടുവകൾ കാട്ടിലേക്ക് തിരിച്ചു പോകാത്തതിന് കാരണവും ഇതാണെന്നാണ് പരാതി. 

Normal life hit as fear of tiger stalks parts of Wayanad
Author
Wayanad, First Published Aug 10, 2022, 8:54 AM IST

മൈലമ്പാടി : വയനാട് മീനങ്ങാടി മൈലമ്പാടിയിലെ നാട്ടുകാരുടെ ഉറക്കം കെടുത്തി കടുവ. പൂളക്കടവ് സ്വദേശി ബാലന്‍റെ പശുവിനെ കടുവ ആക്രമിച്ചു. വനംവകുപ്പ് സംഘം സ്ഥലത്തെത്തി കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി. ഒരാഴ്ച മുൻപ് മൈലലന്പാടിയിൽ കടുവയിറങ്ങിയതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. 

മേഖലയിൽ വനം വകുപ്പ് നിരീക്ഷണം ശക്തമാക്കുന്നതിനിടെയാണ് വീണ്ടും കടുവ സാന്നിധ്യം. ക്ഷീര കർഷകർ കൂടുതലുള്ള മേഖലയാണിത്. കടുവ മൈലന്പാടി പ്രദേശത്ത് താവളമാക്കിയിട്ട് ഒരു മാസത്തോളമായി. ഉടൻ പിടികൂടുമെന്നാണ് വനംവകുപ്പ് ആവർത്തിക്കുന്നതെങ്കിലും പരിഹാരമില്ല. മണ്ഡകവയലിലെ നെരവത്ത് ബിനുവിന്റെ വീടിൽ സ്ഥാപിച്ച സി.സി.ടി.വി ക്യാമറയിലാണ് കഴിഞ്ഞ ബുധനാഴ്ച കടുവയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. ഒരാഴ്ചയായി കടുവ പ്രദേശം വിട്ടു പോയിട്ടില്ലെന്ന് ഇതോടെ ഉറപ്പായി. 

കാടുപിടിച്ചു കിടക്കുന്ന കൃഷിയിടങ്ങളിലാണ് കടുവ തങ്ങുന്നതെന്നാണ് സൂചന. ഇത് വനം വകുപ്പ് ഉടൻ വെട്ടിനീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കടുവയെ നിരീക്ഷിച്ച് കൂടുവെക്കാനുള്ള കണക്കുകൂട്ടലിലാണ് വനംവകുപ്പ്. ഇതിനായി ഒരാഴ്ച മുന്പ് വിവിധയിടങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. കടുവയുടെ പ്രായം, ആരോഗ്യം എന്നിവ മനസിലാക്കിയതിന് ശേഷമാകും കൂട് വെക്കുക. 
പാന്പ്ര, മൈലന്പാടി, പുല്ലുമല പ്രദേശങ്ങളിൽ സ്വകാര്യ പ്ലാന്റേഷനുകൾ ഏറെയുണ്ട്. ഇവിടെയെത്തുന്ന കടുവകൾ കാട്ടിലേക്ക് തിരിച്ചു പോകാത്തതിന് കാരണവും ഇതാണെന്നാണ് പരാതി. മൂന്നുദിവസം മുന്പ് കൊളഗപ്പാറയിൽ തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെ കാണാതായിരുന്നു. കടുവ കൊണ്ടുപോയതാണെന്ന നിഗമനത്തിലാണ് നാട്ടുകാർ. മൈലന്പാടിയിൽ നിന്ന് കൊളഗപ്പാറയിലേക്ക് കൂടുതൽ ദൂരമില്ല.

മേപ്പാടിയിലും വന്യമൃഗ ആക്രമണം

മേപ്പാടി ചുളിക്കയിൽ എട്ടു മാസം ഗർഭിണിയായ പശുവിനെ വന്യമൃഗം കൊന്ന് ഭക്ഷിച്ചു. ചുളിക്ക എസ്‌റ്റേറ്റിൽ പനങ്ങാടൻ വീട്ടിൽ ഇബ്രാഹിമിന്‍റെ പശുവിനെയാണ് കഴിഞ്ഞ ദിവസം കൊന്നത്. ഒരാഴ്ചക്കിടെ ഇബ്രാഹിമിന്‍റെ രണ്ടാമത്തെ പശുവിനെയാണ് വന്യമൃഗം കൊല്ലുന്നത്. 

നഷ്ട പരിഹാരവും വൈകുന്നു. പ്രദേശത്ത് വളർത്തുമൃഗങ്ങളെ ഉപജീവനമാക്കി കഴിക്കുന്ന നിരവധി കർഷകരുണ്ട്. അവരെല്ലാം കടുത്ത ഭീതിയിലാണ്. മറ്റു പലർക്കും ഇതുപോലെ വളർത്തു മൃഗങ്ങളെ നഷ്ടപ്പെട്ടിട്ടുണ്ട്. നാട്ടുകാർ ആവശ്യപ്പെട്ടതനുസരിച്ച് സ്ഥലത്തെത്തിയ വനം വകുപ്പധികൃതർ പ്രദേശത്ത് ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.

തൊഴുത്തിൽ കെട്ടിയ പശുവിനെ കാണാനില്ല, ഭീതിപ്പെടുത്തുന്ന കാൽപാടുകൾ, മൈലന്പാടിയിൽ വീണ്ടും കടുവ ഇറങ്ങി

Follow Us:
Download App:
  • android
  • ios