വയനാട്ടിലെ ചേകാടി ഗവ. എൽപി സ്കൂളിൽ കാട്ടാനക്കുട്ടി ചെരിപ്പുകൾ എടുത്തുകളിച്ച സംഭവത്തിന് പിന്നാലെ, കുട്ടികൾ ക്ലാസിനു പുറത്ത് ചെരിപ്പുകൾ അഴിച്ചുവയ്ക്കുന്നതിന്റെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുതിർന്ന മാധ്യമപ്രവർത്തകൻ ഹരികൃഷ്ണൻ.
വയനാട്: വയനാട്ടിലെ ചേകാടി ഗവ. എൽപി. സ്കൂളിൽ കാട്ടാനക്കുട്ടി ക്ലാസ്‌മുറിക്ക് പുറത്ത് അഴിഞ്ഞുകിടന്ന ചെരിപ്പുകൾ എടുത്തു കളിച്ച വീഡിയോ ശ്രദ്ധേയമായതിന് പിന്നാലെ, ക്ലാസിനു പുറത്ത് പാദരക്ഷകൾ അഴിച്ചുവയ്ക്കുന്നതിലെ ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി മുതിർന്ന മാധ്യമപ്രവർത്തകൻ ഹരികൃഷ്ണൻ എസ്. കാൽപാദങ്ങളിലൂടെ തണുപ്പ് ശരീരത്തിലേക്ക് കടക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും, അതിനാൽ പാദരക്ഷകൾ ധരിച്ച് ക്ലാസിലിരിക്കാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ വിഷയത്തിൽ പ്രതികരിച്ചത്. ആനക്കുട്ടി കളിച്ച ചെരിപ്പുകൾ കുട്ടികൾ ക്ലാസിന് പുറത്ത് അഴിച്ചുവെച്ചതായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വയനാട്ടിലെ തണുപ്പും മഴക്കാലത്തെ ഈർപ്പവും കണക്കിലെടുക്കുമ്പോൾ, തണുത്ത തറയിൽ ചെരിപ്പില്ലാതെ നിൽക്കുന്നത് കുട്ടികളുടെ ആരോഗ്യത്തിന് നല്ലതല്ലെന്ന് അദ്ദേഹം കുറിച്ചു.
'ഒ.സി.പി.ഡി.യുള്ള ഏതോ അധ്യാപകരുടെ വികലമായ ചിന്തകൾ കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ബാധിക്കാതിരിക്കട്ടെ' എന്ന് പറഞ്ഞ അദ്ദേഹം, കുട്ടികൾ പാദരക്ഷകൾ ധരിച്ച് ആരോഗ്യത്തോടെ വളരട്ടെ എന്നും കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ മന്ത്രി ഈ വിഷയത്തിൽ ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
കുറിപ്പിന്റെ പൂർണ്ണരൂപം താഴെ വായിക്കാം
"പാദരക്ഷകൾ പുറത്തിടാനല്ല; കാലിൽ ഇടാനുള്ളതാണ് സർ"
വയനാട്ടിലെ ചേകാടി ഗവ. എൽ.പി. സ്കൂളിൽ കാട്ടാനക്കുട്ടി ചെന്ന് സീനുണ്ടാക്കുന്ന വിഡിയോ കണ്ടു. പ്രത്യേകം ശ്രദ്ധിച്ച ഒരു കാര്യം ആ ക്ലാസിലെ കുട്ടികളുടെ ചെരിപ്പുകൾ പുറത്ത് അഴിച്ചുവച്ചിരിക്കുന്നതാണ്. അതൊക്കെയാണ് ആനക്കുഞ്ഞ് എടുത്തു കളിച്ചത്. അതെന്തുമാകട്ടെ, പക്ഷേ, ഇതിലൊരു ആരോഗ്യ പ്രശ്നമുണ്ട്. കുട്ടികൾ ക്ലാസിൽ ചെരിപ്പിടാതെ ഇരിക്കുന്നു എന്നതാണത്.
വയനാട്ടിൽ, പ്രത്യേകിച്ച് ചേകാടിയിലും മറ്റും മിക്കപ്പോഴും നല്ല തണുപ്പാണ്. ഇപ്പോൾ മഴക്കാലമായതിനാൽ ഈർപ്പം നിറഞ്ഞ കാലാവസ്ഥയും. അവിടെ കുഞ്ഞുങ്ങൾ ക്ലാസ് സമയം മുഴുവൻ തണുത്ത നിലത്തേക്ക് പാദമൂന്നി ഇരിക്കേണ്ടി വരുന്നത് ഒട്ടും നല്ലതായി തോന്നുന്നില്ല. പാദം, മൂക്ക്, ചെവി ഇവ വഴിയാണ് തണുപ്പ് ശരീരത്തെ കൂടുതലായി ബാധിക്കുന്നത് എന്നു കേട്ടിട്ടുണ്ട്. അതുകൊണ്ട് കുട്ടികളുടെ ചെരിപ്പ് ക്ലാസിന് പുറത്ത് അഴിച്ചുവയ്പ്പിക്കുന്നത് ഒട്ടും ശരിയല്ല. പാദരക്ഷകൾ അവയുടെ ധർമം ചെയ്യട്ടെ; കുട്ടികൾ അവ ധരിച്ച് ആരോഗ്യമുള്ളവരായി പഠിച്ചു വളരട്ടെ.
ഒസിപിഡിയുള്ള ഏതോ അധ്യാപകരുടെ വികല ചിന്തകൾ കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ബാധിക്കാതിരിക്കട്ടെ.
മന്ത്രിയപ്പൂപ്പൻ ഇതൊന്നു ശ്രദ്ധിക്കണം എന്ന് അഭ്യർഥിച്ചു കൊണ്ട്.
കുഞ്ഞുങ്ങൾക്കു വേണ്ടി
മാപ്ര വല്യച്ഛൻ
