മുംബൈ കേന്ദ്രീകരിച്ച് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലേക്ക് കൊറിയര്‍ മുഖേന കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാനിയായ 'കൊറിയര്‍ ദാദ' എന്നറിയപ്പെടുന്ന മുംബൈ മുളുന്ദ് സ്വദേശി യോഗേഷ് ഗണപത് റാങ്കഡെ പിടിയിൽ

തൃശൂര്‍: കൊറിയര്‍ വഴി മുംബൈയില്‍നിന്നും രാജ്യത്തിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാനിയായ യുവാവിനെ തൃശൂര്‍ സിറ്റി പൊലീസ് പിടികൂടി. മുംബൈ മുളുന്ദ് സ്വദേശി 'കൊറിയര്‍ ദാദ' എന്നറിയപ്പെടുന്ന യോഗേഷ് ഗണപത് റാങ്കഡെ (31) യാണ് പൊലീസ് പിടിയിലായത്. മുംബൈ കേന്ദ്രീകരിച്ച് പ്രവൃത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിലെ പ്രധാനിയെയാണ് യോഗേഷ് ഗണപത് റാങ്കഡെ എന്നാണ് പൊലീസ് വിശദമാക്കുന്നത്. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോയുടെ നേതൃത്വത്തിലുള്ള തൃശൂര്‍ സിറ്റി ഡാന്‍സാഫ് സംഘവും ഈസ്റ്റ് പൊലീസും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

യോഗേഷിനെ ചോദ്യം ചെയ്തില്‍നിന്ന് കേരളം, കര്‍ണാടക, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളിലേക്ക് ഇയാള്‍ കൊറിയര്‍ മുഖേന കഞ്ചാവ് കടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇവരെക്കുറിച്ച് അന്വേഷിച്ചുവരികയാണ്. ഇവര്‍ക്ക് ലഹരി എത്തിച്ചുകൊടുക്കുന്നവരെക്കുറിച്ചും, ഇവരില്‍ നിന്ന് ലഹരിവസ്തുക്കള്‍ വാങ്ങി വില്‍പ്പന നടത്തുന്നവരെക്കുറിച്ചും ഇവരുടെയും ഇയാളുമായി ബന്ധപ്പെട്ട ആളുകളുടേയും സാമ്പത്തികവിവരങ്ങളും പൊലീസ് അന്വേഷിച്ചുവരികയാണ്.

2024 ഒക്‌ടോബര്‍ 18ന് തൃശൂര്‍ കൊക്കാലെയിലുള്ള കൊറിയര്‍ സ്ഥാപനത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ സംശയാസ്പദമായ രീതിയില്‍ കണ്ട പാഴ്‌സല്‍ തുറന്നു പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ചുവെച്ച നിലയില്‍ നാലര കിലോയോളം കഞ്ചാവ് കണ്ടെത്തിയത്. ഈ കേസിന്റെ തുടരന്വേഷണത്തില്‍ പടിഞ്ഞാറെകോട്ടയില്‍ പ്രോട്ടീന്‍ ഉത്പ്പന്നങ്ങള്‍ വില്‍പ്പന നടത്തുകയും ആധുനിക രീതിയില്‍ സജ്ജീകരിച്ച ജിംനേഷ്യത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്തുകയും ചെയ്തിരുന്ന നിരവധി മയക്കമരുന്നു കേസുകളിലെ പ്രതിയായ നെടുപുഴ സ്വദേശിയായ വിഷ്ണുവിനെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ വിഷ്ണുവിനെ ചോദ്യം ചെയ്തതില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുംബൈ കേന്ദ്രീകരിച്ച് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലേക്ക് കൊറിയര്‍ മുഖേന കഞ്ചാവ് കടത്തുന്ന സംഘത്തെക്കുറിച്ച് സൂചന ലഭിക്കുന്നത്. മുംബൈ കേന്ദ്രീകരിച്ച് വിവിധ സംസ്ഥാനങ്ങളിലേക്ക് കൊറിയര്‍ മുഖേന കഞ്ചാവ് കടത്തുന്ന പ്രധാന സംഘത്തിലെ കണ്ണിയെയാണ് മുംബൈയില്‍നിന്ന് തൃശൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

സുഡാനിൽ ഓയിൽ കമ്പനിയുടെ ചാർട്ടേഡ് വിമാനം തകർന്ന് 20 പേർ കൊല്ലപ്പെട്ടു, മരിച്ചവരിൽ ഇന്ത്യക്കാരനും

തൃശൂരില്‍നിന്നുള്ള പൊലീസ് സംഘം അതിസാഹസികമായാണ് പ്രതിയെ മുംബൈയില്‍നിന്ന് പിടികൂടിയത്. അറസ്റ്റിലായ യോഗേഷും സംഘവും സാമൂഹ്യമാധ്യമങ്ങളില്‍ കൂടി വിവിധ സംസ്ഥാനങ്ങളിലെ ആളുകളുമായി പരിചയപ്പെടുകയും പിന്നീട് അവര്‍ക്ക് നല്‍കുന്ന വിവിധ വ്യാജ മേല്‍വിലാസങ്ങളില്‍ പല പാഴ്‌സലുകളില്‍ ഒളിപ്പിച്ച് കഞ്ചാവ് കൊറിയര്‍ മുഖേന അയച്ചുനല്‍കുകയാണ് രീതി. കൊറിയര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് യാതൊരു സംശയവും വരാത്ത രീതിയിലാണ് ഇവര്‍ കഞ്ചാവ് കടത്തിയിരുന്നത്. തൃശൂര്‍ ഈസ്റ്റ് എസ്.ഐ. സുനില്‍കുമാര്‍, സിറ്റി ഡാന്‍സാഫ് പൊലീസ് അംഗമായ എ.എസ്.ഐ. ടി. വി. ജീവന്‍, ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എ.എസ്. ഐ് പ്രദീഷ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സി ശശിധരന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം