വീട്ടിൽ കവർച്ച നടത്താൻ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു
കൊല്ലം: കുപ്രസിദ്ധ മോഷ്ടാവ് വെള്ളംകുടി ബാബു കൊല്ലം ചടയമംഗലത്ത് പിടിയിൽ. ആയൂരിൽ വീട്ടിൽ മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. 30 മോഷണ കേസുകളിലും ഒരു വധശ്രമ കേസിലും പ്രതിയാണ് അഞ്ചൽ സ്വദേശിയായ ബാബു.
തിരുവന്തപുരം, കൊല്ലം ജില്ലകളിലെ നിരവധി മോഷണ കേസുകളിലെ പ്രതിയായ ബാബു കഴിഞ്ഞ ദിവസം രാത്രിയാണ് പിടിയിലായത്. ആയൂർ കാനറ ബാങ്കിനു സമീപമുള്ള വീട്ടിൽ കവർച്ച നടത്താൻ ശ്രമിക്കുന്നതിനിടെ കുടുങ്ങുകയായിരുന്നു. അടച്ചിട്ട വീടിന്റെ വാതിൽ പൊളിക്കാൻ ശ്രമിക്കുന്നത് അയൽവാസികളാണ് കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു.
അഞ്ചൽ മരുതിവിള സ്വദേശിയാണ് ബാബു. ഏരൂർ, കുളത്തൂപ്പുഴ, കൊട്ടാരക്കര, വലിയമല, പുനലൂർ, ചിതറ, വർക്കല സ്റ്റേഷനുകളിലായി മുപ്പത് മോഷണക്കേസുകൾ ഇയാളുടെ പേരില്‍ നിലവിലുണ്ട്. 2022ൽ മോഷണ കേസിൽ പിടിയിലായ വെള്ളംകുടി ബാബു, ഒരു വർഷത്തെ തടവ് ശിക്ഷ കഴിഞ്ഞ ശേഷം കഴിഞ്ഞയാഴ്ച്ചയാണ് കൊട്ടാരക്കര സബ് ജയിലിൽ നിന്നും ഇറങ്ങിയത്. ഇതിന് ശേഷം ഏരൂർ പള്ളിയുടെ കാണിക്ക വഞ്ചി പൊളിച്ചും മോഷണം നടത്തിയിരുന്നു.
Read also: ഓരോ ആറു മിനിറ്റിലും ഒരു ഫോൺ വീതം മോഷണം പോകുന്നു ഈ നഗരത്തില്‍; വലഞ്ഞ് പൊലീസും മൊബൈല്‍ കമ്പനികള്‍.!
