Asianet News MalayalamAsianet News Malayalam

20 കുടുംബങ്ങള്‍ക്ക് വീടെന്ന സ്വപ്നം പൂര്‍ത്തിയാക്കാന്‍ ഭൂമി വിട്ടുനല്‍കി പ്രവാസി മലയാളി

അപേക്ഷ സ്വീകരിച്ച് പൊലീസടക്കമുള്ള വിദഗ്ധ സമിതിയുടെ പരിശോധനക്ക് ശേഷം യോഗ്യരായി കണ്ടെത്തിയിട്ടുള്ളവർക്കാണ് ഭൂമി കൈമാറിയത്. കണ്ണമംഗലം പഞ്ചായത്തിന് പുറമെ പരിസര പഞ്ചായത്തിൽ നിന്നുള്ളവരെയും ഗുണഭോക്താക്കളായി തിരഞ്ഞെടുത്തിട്ടുണ്ട്. 

NRI malayali gives land for 20 homeless families in Malappuram
Author
Vengara Achanambalam Road, First Published Jan 23, 2021, 9:08 AM IST

വേങ്ങര: 20 കുടുംബങ്ങൾക്ക് കിടപ്പാടമെന്ന സ്വപ്നം സാക്ഷാത്ക്കരിക്കുകയാണ് ചേറൂർ മുതുവിൽ കുണ്ടിലെ കോട്ടുക്കാരൻ അബ്ദുസമദ് എന്ന അബ്ദുപ്പ. ഊരകം മലയുടെ അടിവാരത്തായി മഞ്ഞേങ്ങരയിലുള്ള  52കാരനായ അബ്ദുപ്പയുടെ 61 സെന്റ് ഭൂമിയാണ് നിർധനരായ 20  കുടുംബങ്ങൾക്ക് വീതിച്ച് നൽകിയത്. ഓരോ കുടുംബത്തിനും മൂന്ന് സെന്റ് ഭൂമിയും അതിലേക്കുള്ള നാലടി വീതിയിലുള്ള വഴിയുമാണ് നൽകിയത്. 

സ്വന്തമായി ഒരു തുണ്ട് ഭൂമിയോ വീടോ ഇല്ലാതെ പലയിടത്തായി വാടക ക്വാർട്ടേഴ്‌സുകളിൽ അന്തിയുറങ്ങാൻ വിധിക്കപ്പെട്ടവർ, ഭിന്ന ശേഷിക്കാർ, അവശർ, നിരാലംഭർ എന്നിവരിൽ നിന്ന് അപേക്ഷ സ്വീകരിച്ച് പൊലീസടക്കമുള്ള വിദഗ്ധ സമിതിയുടെ പരിശോധനക്ക് ശേഷം യോഗ്യരായി കണ്ടെത്തിയിട്ടുള്ളവർക്കാണ് ഭൂമി കൈമാറിയത്. കണ്ണമംഗലം പഞ്ചായത്തിന് പുറമെ പരിസര പഞ്ചായത്തിൽ നിന്നുള്ളവരെയും ഗുണഭോക്താക്കളായി തിരഞ്ഞെടുത്തിട്ടുണ്ട്. 

20 പ്ലോട്ടുകളിൽ നിന്ന് അവരവർ തന്നെ നറുക്കെടുത്താണ് ഭൂമി തെരഞ്ഞെടുത്തത്. ദുബായിൽ ബിസിനസ് നടത്തുകയാണ് അബ്ദുപ്പ. കവളപ്പാറയിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് വെച്ച് നൽകാൻ സൗജന്യമായി ഭൂമി വിട്ടു നൽകാൻ ഇദ്ദേഹം സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും ആളുകള്‍ കവളപ്പാറ വിട്ടു പോരാൻ  തയ്യാറാവാത്തതിനെ തുടർന്ന്  പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. അബ്ദുപ്പയുടെ പദ്ധതി പ്രചോദനമായി പല സ്ഥാപനങ്ങളും ഈ ഭൂമിയിൽ പണിയുന്ന വീടുകൾക്ക് സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. തെരഞ്ഞെടുത്ത 20 കുടുംബങ്ങൾക്കും ഭൂമി രജിസ്റ്റർ ചെയ്ത് ആധാരം കൈമാറി. 

Follow Us:
Download App:
  • android
  • ios