ഇടുക്കി: മദ്യക്കുപ്പികളും പ്ലാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞ് മലിനമായിക്കിടന്നിരുന്ന തോട് രാജാക്കാട് എന്‍ എസ് എസ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ശുചീകരിച്ചു. മാലിന്യങ്ങള്‍ നിറഞ്ഞ് നീരൊഴുക്ക് നിലച്ച തോടിന്റെ വാര്‍ത്ത മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ ശുചീകരണം നടത്തി തോടിനെ വീണ്ടെടുത്തത്
നൂറ്കണക്കിന് വരുന്ന കര്‍ഷകര്‍ക്കും നിരവധി കുടുംബങ്ങള്‍ക്കും ആശ്രയമായ രാജാക്കാട് പഞ്ചായത്തിലെ പ്രധാന തോട് മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞ് നീരൊഴുക്ക് നിലച്ച അവസ്ഥയിലായിരുന്നു. 

സംസ്ഥാന സര്‍ക്കാര്‍ ജല സ്രോതസ്സുകള്‍ വീണ്ടെടുക്കുന്നതിന് ഒഴുകട്ടെ പുഴ പദ്ധതി നടപ്പിലാക്കിയിട്ടും തോടിനെ മാലിന്യ മുക്തമാക്കി സംരക്ഷിക്കുന്നതിന് അധികൃതര്‍ തയ്യാറായില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് സാംസ്‌ക്കാരിക പ്രവര്‍ത്തകനും രാജാക്കാട് എസ് എസ് എം കോളേജ് അധ്യാപകനുമായ അര്‍ജ്ജുന്‍ വി അജയന്റെ ഇടപെടലില്‍ കോളേജിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികളെത്തി തോട് ശുചീകരിക്കുകയായിരുന്നു.

ഒഴുക്കിന് തടസ്സമായി നിന്നിരുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ നീക്കം ചെയ്തു. കാലങ്ങളായി ഒഴുക്ക് നിലച്ചിരുന്ന തോട്ടില്‍ നീരൊഴുക്ക് പുനസ്ഥാപിച്ചതോടെ കൃഷിയിടങ്ങളിലേക്ക് ജലസേചനത്തിന് വെള്ളമെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകർ. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ അര്‍ജ്ജുന്‍ അജയന്‍, എന്‍ എസ് എസ് വാളണ്ടിയർ സെക്രട്ടറി അമല്‍കുമാര്‍, അദ്ധ്യാപകരായ ഉണ്ണിമായ, രജിത, അശ്വനി എന്നിവര്‍ നേതൃത്വം നല്‍കി.