തിരുവനന്തപുരം: ശക്തമായ മഴയിൽ തീരദേശ മേഖലയായ അടിമലത്തുറ, അമ്പലത്തുമൂല എന്നിവിടങ്ങളിലെ നൂറിലധികം വീടുകളിൽ വെള്ളംകയറി. ഇന്നലെ പുലർച്ചെ മുതൽ പെയ്ത മഴയിലാണ് വിഴിഞ്ഞം-കോട്ടുകാൽ ഭാഗത്തുള്ള തീരദേശ മേഖലയിലെ വീടുകളിൽ വെള്ളംകയറിയത്. മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഇവിടെ  പ്രദേശത്ത് മുട്ടോളം വെള്ളം പൊങ്ങിയ വീടുകളിൽ  വെള്ളം കയറിയതോടെ ഒരു രാത്രി മുഴുവൻ ഉറക്കമിളച്ചിരിക്കേണ്ട ഗതികേടിലായെന്ന് നാട്ടുകാർ.  

ഓരോ മഴക്കാലത്തും ഈ മേഖലയിൽ വെള്ളപ്പൊക്കം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. വെള്ളംകയറിയ പ്രദേശങ്ങൾ എം.വിൻസെന്റ് എംഎൽഎ സന്ദർശിച്ചു. തുടർന്ന് വിഴിഞ്ഞത്തുനിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളുടെ നേതൃത്വത്തിൽ വെള്ളം പമ്പുചെയ്ത് കടലിലേക്ക് ഒഴുക്കി. വിഴിഞ്ഞം ഗംഗയാർ തോടും  ശക്തമായ മഴയിൽ കരകവിഞ്ഞൊഴുകി. തോടിന്റെ ഇരുകരകളിലും സൂക്ഷിച്ചിരുന്ന മത്സ്യബന്ധന ഉപകരണങ്ങൾ ഒഴുകിപ്പോയി.

വെള്ളത്തിനൊപ്പം പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും വിഴിഞ്ഞം ബീച്ച് റോഡിൽ  ഒഴുകി പരന്നു. നാട്ടുകാർ ഇറങ്ങി  ചാലുവെട്ടി വെള്ളം കടലിലേക്ക് ഒഴുക്കി വിട്ടതിനുശേഷമാണ് ഉപകരണങ്ങൾ തിരികെ എടുക്കാനായത്. വിഴിഞ്ഞം കോട്ടപ്പുറം മര്യനഗർ, കടയ്ക്കുളം എന്നിവിടങ്ങളിൽ അമ്പതോളം വീടുകളിലും വെള്ളം  കയറി. പുലർച്ചെയായതിനാൽ പലരും നല്ല ഉറക്കത്തിലായിരുന്നു. വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളും വീട്ടുപകരണങ്ങളും വെള്ളത്തിൽ മുങ്ങി. 

വെള്ളക്കെട്ടിനെത്തുടർന്ന് പ്രദേശത്ത് പകർച്ചവ്യാധി സാധ്യതയും നിലനിലൽക്കുന്നുണ്ട്. വൃത്തിഹീനമായ സാഹചര്യമാണ് ഇവിടെയുള്ളത്. കടൽ പ്രക്ഷുബ്ധമായതിനാൽ വിഴിഞ്ഞത്തുനിന്നുള്ള ഭൂരിഭാഗം മത്സ്യത്തൊഴിലാളികളും രണ്ടു ദിവസമായി കടലിൽ പോയിട്ടില്ല.കോട്ടുകാൽ, വെങ്ങാനൂർ, പീച്ചോട്ടുകോണം, മണപ്പുറം, കുഞ്ചുകോണം എന്നിവിടങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് കൃഷിനാശം ഉണ്ടായി. വാഴ ഉൾപ്പെടെയുള്ള കൃഷി വിളകൾ വെള്ളം കയറി നശിച്ചതായി കർഷകർ പറഞ്ഞു. കോട്ടുകാൽ പ്രദേശത്ത് പല റോഡുകളും മഴയെത്തുടർന്ന് ഗതാഗത യോഗ്യമല്ലാതായി