ജൂണ്‍, ജൂലൈ മാസങ്ങളില്‍ ചെറിയ കുറവ് സംഭവിച്ചതൊഴിച്ചാല്‍ 2023 ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ പഴയപോലെ തന്നെ വാഹനാപകടങ്ങള്‍ സംഭവിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കോഴിക്കോട്: ജില്ലയില്‍ എ.ഐ ക്യാമറകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടും വാഹനാപകട കേസുകളില്‍ കാര്യമായ കുറവ് സംഭവിച്ചിട്ടില്ലെന്ന് കണക്കുകള്‍. ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഇതുമായി ബന്ധപ്പെട്ട് ശേഖരിച്ചിട്ടുള്ള കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസം മുതലാണ് സംസ്ഥാനത്താകമാനം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ഉപയോഗപ്പെടുത്തി തുടങ്ങിയത്. എന്നാല്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ ചെറിയ കുറവ് സംഭവിച്ചതൊഴിച്ചാല്‍ 2023 ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ പഴയപോലെ തന്നെ വാഹനാപകടങ്ങള്‍ സംഭവിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ജൂണ്‍ 23 മുതല്‍ ജൂലൈ 23 വരെയുള്ള ദിവസങ്ങളില്‍ 152 വാഹനാപകടങ്ങളാണ് ജില്ലയില്‍ ഉണ്ടായത്. ഇതാണ് കഴിഞ്ഞ വര്‍ഷം ഏറ്റവും കുറവ് എന്ന രീതിയില്‍ പറയാവുന്നത്. എന്നാല്‍ ഇതിന് ശേഷമുള്ള ഓരോ മാസങ്ങളിലും അപകടങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഓഗസ്റ്റ് മാസത്തില്‍ 174ഉം സെപ്റ്റംബറില്‍ 173ഉം ഒക്ടോബറില്‍ 179ഉം നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ 199 അപകടങ്ങളും ഉണ്ടായി. കഴിഞ്ഞ വര്‍ഷം ആകെ ജില്ലയില്‍ 2004 അപകടങ്ങളാണുണ്ടായത്. ഇതില്‍ 156 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ക്യാമറ സ്ഥാപിച്ച ജൂണ്‍ മസത്തില്‍ മാത്രം മരണം അഞ്ചില്‍ ഒതുങ്ങിയപ്പോള്‍ മറ്റ് മിക്ക മാസങ്ങളിലും ഇത് രണ്ടക്കം കടന്നിട്ടുണ്ട്.
