പ്രസിഡൻറും ഭരണപക്ഷ അംഗങ്ങളും തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു. കൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തിയ താൽക്കാലിക ജീവനക്കാരനായ ടെക്നിക്കൽ അസിസ്റ്റൻറ് ബിബിൻ തോമസിനെ പിരിച്ചു വിട്ടതോടെ ഭിന്നത രൂക്ഷമായി. 

ഉപ്പുതറ: പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും ഓഫീസിൽ വരാതായതോടെ നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ് ഇടുക്കിയിലെ ഉപ്പുതറ പഞ്ചായത്ത്. പഞ്ചായത്ത് സെക്രട്ടറിയുടെ സേവനം മാസത്തിൽ പകുതി ദിവസവും കിട്ടാത്തതിനാൽ പഞ്ചായത്തിന്‍റെ ദൈനംദിന പ്രവർത്തനവും താറുമാറായിരിക്കുകയാണ്.ഇടതുപക്ഷം ഭരിക്കുന്ന ഇടുക്കി ഉപ്പുതറ പഞ്ചായത്തിൽ ജെയിംസ് കെ ജേക്കബ് പ്രസിഡൻറും, വൈസ് പ്രസിഡൻറ് പി എസ്. സരിതയുമാണ്. 

പ്രസിഡൻറ് ഓഫീസിലെത്തിയിട്ട് ഒന്നരയാഴ്ചയും വൈസ് പ്രസിഡൻറ് വന്നിട്ട് ഒരു മാസത്തിലധികവുമായി. പ്രസിഡൻറും ഭരണപക്ഷ അംഗങ്ങളും തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു. കൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തിയ താൽക്കാലിക ജീവനക്കാരനായ ടെക്നിക്കൽ അസിസ്റ്റൻറ് ബിബിൻ തോമസിനെ പിരിച്ചു വിട്ടതോടെ ഭിന്നത രൂക്ഷമായി. 

എൽ.ഡിഎഫിലും, യു ഡി എഫിലുമുള്ള ഒരു വിഭാഗം ജീവനക്കാരന് അനുകൂല നിലപാടു സ്വീകരിച്ചു. ഹൈക്കോടതി ഉത്തരവോടെ ജൂൺ ഏഴിന് ബിബിൻ ജോലിയിൽ തിരികെയെത്തി. ഇതിനു ശേഷം പ്രസിഡൻറ് പഞ്ചായത്തിൽ കയറിയിട്ടില്ല. വ്യക്തി പരമായ കാരണങ്ങളാൽ വൈസ് പ്രസിഡൻറും വരുന്നില്ല. സ്പിൽ ഓവർ പദ്ധതിക്ക് ജില്ലാ പ്ലാനിങ് ബോർഡിൻറെ അനുമതി വാങ്ങേണ്ട സമയത്താണിത്

വകുപ്പുതല പരിശീലകനായതിനാൽ മാസത്തിൽ പകുതി ദിവസവും സെക്രട്ടറി ഉണ്ടാകില്ല. അസി. സെക്രട്ടറി വിരമിച്ചതോടെ ഈ കസേരയിലും ആളില്ല. ഉത്തരവാദപ്പെട്ടവർ ആരുമില്ലാത്തതിനാൽ രാവിലെ ഹാജർ വച്ച ശേഷം സ്വകാര്യ ആവശ്യത്തിന് ജീവനക്കാർ മുങ്ങുന്നതും പതിവാണ്. വിവിധ ആവശ്യങ്ങൾക്കെത്തുന്ന ആളുകൾ നിരാശരായി മടങ്ങുന്നു. അതേസമയം വ്യക്തി പരമായ അത്യാവശ്യങ്ങൾ ഉള്ളതിനാലാണ് ഓഫീസിൽ വരാതിരിക്കുന്നതെന്നാണ് പഞ്ചായത്ത് പ്രസിഡൻറിൻറെ വിശദീകരണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം