പാലക്കാട്: കാലപ്പഴക്കം മൂലം അപകടഭീഷണിയിലായ പാലക്കാട് മുൻസിപ്പൽ ബസ് സ്റ്റാൻഡ് സമുച്ചയം പൊളിച്ചുതുടങ്ങി. ഒന്നര മാസംകൊണ്ട് കെട്ടിടം പൊളിക്കൽ പൂർത്തിയാക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ വർഷം ജൂലൈയിലാണ് പാലക്കാട് നഗരത്തിന് ഒത്തനടുക്കുളള മുൻസിപ്പൽ ബസ് സ്റ്റാൻഡ് സമുച്ചയത്തിനോട് ചേർന്ന കെട്ടിടം ഇടിഞ്ഞുവീണത്. തുടർന്ന് അപകട ഭീഷണി ഉയർത്തുന്ന ബസ് സ്റ്റാൻഡ് സമുച്ചയം പൊളിക്കാൻ നഗരസഭ തീരുമാനിക്കുകയായിരുന്നു. ചെന്നൈ ആസ്ഥാനമായ കമ്പനിയാണ് പൊളിക്കലിന് കരാറെടുത്തിരിക്കുന്നത്. പതിനഞ്ചു ദിവസത്തിനകം കെട്ടിടസമുച്ചയം പൂർണമായി പൊളിച്ചുനീക്കാനാണ് നിർദ്ദേശം. 

ഒന്നര മാസത്തിനകം അവശിഷ്ടങ്ങൾ മുഴുവൻ നീക്കംചെയ്യും. ബസ് സ്റ്റാൻഡ് കെട്ടിടസമുച്ചയത്തിനകത്തെ കടകൾ മാസങ്ങൾക്ക് മുമ്പേ നീക്കം ചെയ്തിരുന്നു. ശനിയാഴ്ചയോടെ ബസ്സുകൾക്കും വിലക്കേർപ്പെടുത്തും. ഇതനുസരിച്ച് ഗതാഗത ക്രമീകരണങ്ങളും നഗരത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

നാല്പത്തഞ്ച് വർഷം പഴക്കമുളള കെട്ടിടം പൊളിച്ച് പുതിയത് നിർമ്മിക്കുമ്പോൾ വ്യാപാര സ്ഥാപനങ്ങളേക്കാൾ യാത്രക്കാരുടെ സൗകര്യത്തിനാവും മുൻഗണന. വൈറ്റില ഹബ്ബിന്റ മാതൃകയിലാവും നിർമ്മാണം. അപകഭീഷണിയെ തുടർന്ന് കഴിഞ്ഞ ഒന്നരവർഷമായി ബസ്റ്റാൻഡ് അടച്ചിട്ടിരിക്കുകയായിരുന്നു. കെട്ടിടം പൊളിക്കാത്തതിനെതിരെ പ്രതിഷേധം ഉയർന്നതോടെയാണ് നഗരസഭ നടപടികളിലേക്ക് കടന്നത്.