കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്ന് നടത്തിയ പരിശോധനയിൽ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. തലേദിവസം പാചകം ചെയ്തതും, ഭക്ഷ്യയോഗ്യമല്ലാത്തതുമായ ചിക്കൻ, ബീഫ്, ചെമ്മീൻ, പൊറോട്ട, ചോറ്, ചൈനീസ് മസാല, അച്ചാർ, എണ്ണക്കറികൾ, പഴങ്ങൾ, പഴകിയ എണ്ണ എന്നിവ വീണ്ടും ഉപയോഗിക്കുന്നതിനായി ഫീസറിലും മറ്റും സൂക്ഷിച്ചതടക്കം ഹെൽത്ത് സ്ക്വാഡ് കണ്ടെത്തി പിടിച്ചെടുത്ത് നശിപ്പിച്ചു.

പിടിച്ചെടുത്ത സാധനങ്ങൾ ഏകദേശം 250 കിലോഗ്രാം വരും. പരിശോധനയിൽ പാകം ചെയ്യാനുള്ള ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്നത് തികച്ചും വൃത്തിഹീനമായ സാഹചര്യത്തിൽ പരസ്പരം കൂട്ടികലർത്തി വെച്ചിരുന്നതും കണ്ടെത്തി. കോഴിക്കോട് കൊട്ടാരം റോഡിലെ ഹോട്ടൽ സോളാർ, ബൈപ്പാസിലെ ഫൈവ്സ്റ്റാർ തട്ടുകട, ഹോട്ടൽ സമോവർ, ഹോട്ടൽ കീർത്തി എന്നീ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.

കൊട്ടാരം റോഡിലെ ഹോട്ടൽ സോളാർ, ബൈപ്പാസിലെ ഫൈവ്സ്റ്റാർ തട്ടുകട എന്നി സ്ഥാപനങ്ങളിൽ നിന്നുമാണ് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ സാധനങ്ങൾ പിടിച്ചെടുത്തത്. കൂടാതെ ഹോട്ടൽ സോളാർ തികച്ചും വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണസാധനങ്ങൾ കൈകാര്യം ചെയ്യുന്നതും, അടുക്കളുടെയും പരിസരത്തും മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നതായും കണ്ടെത്തി.

ഇന്ന് നടത്തിയ പരിശോധനയിൽ ഈ സ്ഥാപനങ്ങളിലെ ജീവനക്കാർ വ്യക്തിശുചിത്വം പാലിക്കാതെ ഭക്ഷണസാധനങ്ങൾ കൈകാര്യം ചെയ്യുന്നതായും കണ്ടെത്തിയിരുന്നു. പരിശോധനയ്ക്ക് ഹെൽത്ത് ഓഫീസർ ഡോ. ആർ എസ് ഗോപകുമാർ, ഹെൽത്ത് സൂപ്പർവൈസർ എം എം ഗോപാലൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി കെ പ്രകാശൻ, കെ സി മുരളിധരൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ ഷമീർ, ഡെയ്സൺ എന്നിവർ നേതൃത്വം നല്‍കി.