വിജയമ്മയുടെ മകനും ഭാര്യയും വീട്ടിലെ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഫിലോമിന വടി കൊണ്ട് വിജയമ്മയെ അടിക്കുന്നതും കുത്തുന്നതും കണ്ടെത്തിയത്...

ആലപ്പുഴ: വയോധികയായ വീട്ടമ്മയ്ക്കു പരുക്കേറ്റ് ഹോം നഴ്സിന്റെ മർദനം മൂലമെന്ന് 20 ദിവസത്തിനു ശേഷം കണ്ടെത്തി. സംഭവത്തിൽ കേസെടുത്ത പൊലീസ് ഹോം നഴ്സിനെ അറസ്റ്റ് ചെയ്തു. ചെട്ടികുളങ്ങര കൈതവടക്ക് കളീക്കൽ വിജയമ്മയെ (78) മർദിച്ചതിനു ഹോം നഴ്സായ ഇടുക്കി കട്ടപ്പന മത്തായിപ്പാറ ചെമ്പനാൽ ഫിലോമിനയെ (55) യാണു പൊലീസ് അറസ്റ്റ് ചെയ്തത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിജയമ്മ വീണു പരുക്കേറ്റതായി ഫിലോമിന കഴിഞ്ഞ ഫെബ്രുവരി 20നു വിജയമ്മയുടെ മകനെ അറിയിച്ചിരുന്നു. തുടർന്നു വിജയമ്മയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടയെല്ല് പൊട്ടിയിട്ടുണ്ടെന്നും പരുക്ക് വീണുണ്ടായതല്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. 

തുടർന്ന് വിജയമ്മയുടെ മകനും ഭാര്യയും വീട്ടിലെ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഫിലോമിന വടി കൊണ്ട് വിജയമ്മയെ അടിക്കുന്നതും കുത്തുന്നതും കണ്ടെത്തിയത്. ഫിലോമിന കമ്പ് കൊണ്ടു മാലിന്യമെടുത്തു വിജയമ്മയുടെ വായിലേക്ക് വയ്ക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ക്യാമറ ദൃശ്യങ്ങൾ സഹിതം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.