എടക്കര പോത്തുകല്‍ പനങ്കയം സ്വദേശി പൂച്ചക്കുഴിയില്‍ ഏലിക്കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം ഊര്‍ജിതമാക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്. 

മലപ്പുറം: എടക്കര പോത്തുകല്‍ പനങ്കയം സ്വദേശി പൂച്ചക്കുഴിയില്‍ ഏലിക്കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം ഊര്‍ജിതമാക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്. വൃദ്ധയെ 15 ദിവസമായി കാണാതായ സംഭവത്തില്‍ അന്വേഷണം തൃപ്തികരമല്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

ഏലിക്കുട്ടിക്കായി പ്രദേശത്താകെ നാട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. തുടര്‍ന്ന്, പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ പുരോഗതി ഇല്ലാത്തതിനാല്‍ നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിരിക്കുകയാണ്. വാര്‍ഡ് മെമ്പര്‍ കരുണാകരപിള്ള കണ്‍വീനറായും സാമൂഹ്യപ്രവര്‍ത്തകരായ ബിജു വട്ടപ്പറമ്പില്‍, സുരേഷ് ബാബു, വി.വി. ചാക്കോ എന്നിവര്‍ അംഗങ്ങളായി രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍ ഏലിക്കുട്ടിയുടെ തിരോധാനത്തിന്‍റെ ദുരൂഹത മാറ്റണമെന്ന് ആവശ്യപ്പെട്ടു.