ആശുപത്രിയിലേക്കുള്ള വഴിയിൽ ആരോഗ്യനില മോശമായി, 27-കാരി ആംബുലൻസിൽ പ്രസവിച്ചു, അമ്മയും കുഞ്ഞും സുഖം 

കോഴിക്കോട്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി കനിവ് 108 ആംബുലൻസിനുള്ളിൽ കുഞ്ഞിന് ജന്മം നൽകി. കോഴിക്കോട് കൊണ്ടട മീത്തൽ കുറ്റിക്കാട്ടൂർ സ്വദേശിനിയായ 27 കാരിയാണ് ആംബുലൻസിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. 

ഉടൻ കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം കുന്നമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ആംബുലൻസ് പൈലറ്റ് വിഷ്ണു ആർ വി, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ജീന ഷെബിൻ എന്നിവർ സ്ഥലത്തെത്തി യുവതിയുമായി കോഴിക്കോട് ഐ എം സി എച്ചിലേക്ക് തിരിച്ചു. 

യാത്രാമധ്യേ യുവതിയുടെ ആരോഗ്യനില കൂടുതൽ വഷളാവുകയും എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ജീന ഷെബിന്റെ പരിചരണത്തിൽ കുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു. ഉടൻ പ്രഥമ ശുശ്രൂഷ നൽകി ഇരുവരെയും കോഴിക്കോട് ഐ എം സി.എച്ചിലേക്ക് എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു. യുവതിയുടെ മൂന്നാമത്തെ കുട്ടിയാണ് ഇത്.

Read more: കൂലിപ്പണി ചെയ്ത് വാങ്ങിയ മാല കള്ളനെടുത്തു, അവർ പൊട്ടിക്കരഞ്ഞു; വാർത്ത കേട്ട് ചക്കിയെ തേടിയെത്തിയത് 'തങ്കം'

അതേസമയം, ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ യുവതിക്ക് കനിവ് 108 ആംബുലൻസിനുള്ളിൽ യുവതി പ്സവിച്ച വാർത്ത പേരൂർക്കടയിൽ നിന്നെത്തിയിരുന്നു. കല്ലയം പ്ലാവിള സ്വദേശിനിയായ 26 കാരിയാണ് ആംബുലൻസിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ഞായറാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ കനിവ് 108 ആംബുലൻസിൻ്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം പേരൂർക്കട ജില്ലാ ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. .

ആംബുലൻസ് പൈലറ്റ് അനീഷ് എസ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വിജയപ്രസസ് എന്നിവർ ഉടൻ സ്ഥലത്തെത്തി യുവതിയെ ആംബുലൻസിലേക്ക് മാറ്റി. എന്നാൽ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വിജയപ്രസാദിൻ്റെ പരിശോധനയിൽ പ്രസവം നടക്കാതെ മുന്നോട്ട് പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതം അല്ലെന്ന് മനസ്സിലാക്കി ആംബുലൻസിനുള്ളിൽ ഇതിന് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. രാവിലെ 4.10ന് വിജയപ്രസാദിൻ്റെ പരിചരണത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകി.