Asianet News MalayalamAsianet News Malayalam

സ്വർണ്ണം തിരികെ ഏൽപ്പിച്ച് വരൻ പറഞ്ഞു, 'പൊന്നും പണവും വേണ്ട, ഇവളാണ് ധനം'-ആലപ്പുഴയിലെ ഒരു വിവാഹ മാതൃക

സ്ത്രീധനത്തിനത്തിനെതിരെ വാതോരാതെയുള്ള  വാക്കുകളല്ല, പ്രവൃത്തിയിലാണ് കാര്യം. അത് തെളിയിക്കുന്ന  ഒരു മാതൃകയാണ് ആലപ്പുഴയിൽ നിന്നുള്ള ഈ വാർത്ത. സതീഷ് സത്യന്റെയും ശ്രുതിരാജിന്റെയും വിവാഹവേദി, മാതാപിതാക്കൾ ശ്രുതിക്കു വിവാഹസമ്മാനമായി നൽകിയ സ്വർണാഭരണങ്ങൾ സതീഷ് തിരികെ നൽകി. 

On the wedding day the bridegroom returns the gold he received as dowry
Author
Kerala, First Published Jul 16, 2021, 2:04 PM IST

ആലപ്പുഴ: സ്ത്രീധനത്തിനത്തിനെതിരെ വാതോരാതെയുള്ള  വാക്കുകളല്ല, പ്രവൃത്തിയിലാണ് കാര്യം. അത് തെളിയിക്കുന്ന ഒരു മാതൃകയാണ് ആലപ്പുഴയിൽ നിന്നുള്ള ഈ വാർത്ത. സതീഷ് സത്യന്റെയും ശ്രുതിരാജിന്റെയും വിവാഹവേദി, മാതാപിതാക്കൾ ശ്രുതിക്കു വിവാഹസമ്മാനമായി നൽകിയ സ്വർണാഭരണങ്ങൾ സതീഷ് തിരികെ നൽകി. 

വധുവണിഞ്ഞ ആഭരണങ്ങളെല്ലാം വിവാഹശേഷം സതീഷും സത്യനും ചേർന്ന് എസ്എൻഡിപി ശാഖായോഗം ഭാരവാഹികളുടെ സാന്നിധ്യത്തിൽ വധുവിന്റെ മാതാപിതാക്കൾക്കു കൈമാറുകയായിരുന്നു. ശ്രുതിയുടെ കൈപിടിച്ച് കല്യാണമണ്ഡപം വലംവയ്ക്കവേ, സതീഷ് പ്രിയതമയോടു പറഞ്ഞു, നമുക്ക് താലിമാല മാത്രം മതി. ശ്രുതിക്ക് നിർബന്ധമുണ്ടെങ്കിൽ ഓരോ കൈയിലും ഓരോ വള കൂടിയാവാം. 

ശ്രുതിക്കും അഭിപ്രായ വ്യത്യാസമുണ്ടായില്ല. അൻപതു പവനിൽ ഇവയൊഴികെ ബാക്കി ആഭരണങ്ങൾ ഊരി നൽകി. ഇത് വധുവിന്റെ അച്ഛനമ്മമാരെ ഏൽപ്പിച്ച്, സതീഷ് പറഞ്ഞു എനിക്ക് പൊന്നും പണവും വേണ്ട, ഇവളാണ് ധനം. വൻ കരഘോഷത്തോടെയാണ് വരന്റെ തീരുമാനത്തെ കല്യാണത്തിന് ഒത്തുകൂടിയവർ സ്വീകരിച്ചത്. 

നൂറനാട് പള്ളിക്കൽ ഹരിഹരാലയത്തിൽ കെവി സത്യൻ- ജി സരസ്വതി ദമ്പതിമാരുടെ മകനാണ് സതീഷ് സത്യൻ. വധു ശ്രുതി രാജ്  നൂറനാട് പണയിൽ ഹരിമംഗലത്ത് പടീറ്റതിൽ ആർ. രാജേന്ദ്രൻ-പി ഷീല ദമ്പതിമാരുടെ മകളാണ്.  വ്യാഴാഴ്ച പണയിൽ ദേവീക്ഷേത്രത്തിലായിരുന്നു ഇരുവരുടെയും വിവാഹം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുനടന്ന വിവാഹത്തിൽ വരന്റെയും വധുവിന്റെയും ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios