ഓണാവധി തുടങ്ങുന്ന 26 മുതല്‍ സെപ്റ്റംബര്‍ ആറുവരെ ക്ഷേത്രനട വൈകിട്ട് 3.30ന് തുറന്ന് ഉടന്‍തന്നെ ശീവേലി നടത്തി ഭക്തര്‍ക്ക് ദര്‍ശന സൗകര്യം നല്‍കും.

തൃശൂര്‍: ഓണാവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് ഗുരുവായൂര്‍ ക്ഷേത്രനട ഉച്ചകഴിഞ്ഞ് ഒരു മണിക്കൂര്‍ നേരത്തെ തുറക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശനം സാധ്യമാക്കാനാണ് ദേവസ്വം നടപടി. ഓണാവധി തുടങ്ങുന്ന 26 മുതല്‍ സെപ്റ്റംബര്‍ ആറുവരെ ക്ഷേത്രനട വൈകിട്ട് 3.30ന് തുറന്ന് ഉടന്‍തന്നെ ശീവേലി നടത്തി ഭക്തര്‍ക്ക് ദര്‍ശന സൗകര്യം നല്‍കും.

ഇതു സംബന്ധിച്ച് തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് നല്‍കിയ കത്ത് ദേവസ്വം ഭരണസമിതി അംഗീകരിച്ചു. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ അധ്യക്ഷതവഹിച്ചു. ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, സി. മനോജ്, ചെങ്ങറ സുരേന്ദ്രന്‍, കെ.ആര്‍. ഗോപിനാഥ്, മനോജ് ബി. നായര്‍, വി.ജി. രവീന്ദ്രന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

അതേ സമയം ചിങ്ങപ്പുലരിയില്‍ കണ്ണനെ കണികാണാന്‍ വന്‍ ഭക്തജന തിരക്ക്. പുലര്‍ച്ചെ നിര്‍മാല്യദര്‍ശനത്തിനായി നട തുറന്നതുമുതല്‍ ഭക്തരുടെ നീണ്ട നിരയായിരുന്നു. തലേനാള്‍ രാത്രിമുതല്‍ ക്ഷേത്രനഗരിയില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ലോഡ്ജുകളില്‍ റും ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു. ഒരു മാസത്തെ ഇടവേളയ്ക്കുശേഷം വിവാഹത്തിനും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. 40 ലധികം വിവാഹങ്ങള്‍ നടന്നു. ഇനിയുള്ള ഒരു മാസക്കാലം വിവാഹത്തിരക്കേറും. ക്ഷേത്രത്തില്‍ ഏറ്റവും കൂടുതല്‍ വിവാഹങ്ങള്‍ നടക്കാറുള്ളത് ചിങ്ങമാസത്തിലാണ്.

കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, എ.ഡി.ജി.പി. അജിത് കുമാര്‍ എന്നിവര്‍ ഇന്നലെ രാവിലെ ക്ഷേത്രദര്‍ശനം നടത്തി. നടി സീമയും ക്ഷേത്രദര്‍ശനത്തിന് എത്തിയിരുന്നു. തിരക്ക് കണക്കിലെടുത്ത് പ്രത്യേക സുരക്ഷാക്രമീകരണങ്ങളാണ് ക്ഷേത്രനഗരിയില്‍ ഏര്‍പ്പെടുത്തിയിരുന്നത്.

Read More : ഒരു രാത്രിയും ഒരു പകലും, 30000 പൂക്കൾ, ഒടുവിൽ വിരിഞ്ഞത് ഉമ്മന്‍ ചാണ്ടിയുടെ മനോഹര ചിത്രം !

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകള്‍ തൽസമയം കാണാം- LIVE