മലപ്പുറം തിരൂരങ്ങാടി താഴെച്ചെന സ്വദേശി പാണഞ്ചേരി മുഹമ്മദ് അഫീഫിനെയാണ് മുക്കം പൊലീസ് പിടികൂടിയത്. ഇയാള്‍ ഓടിച്ചിരുന്ന ഇരുചക്രവാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കോഴിക്കോട്: മുക്കം അരീക്കോട് പാലത്തിന് സമീപം ഇരുവഴിഞ്ഞി പുഴയില്‍ കോഴിയുടെ പഴകിയ അറവു മാലിന്യം തള്ളിയ കേസില്‍ ഒരാള്‍ പിടിയില്‍. മലപ്പുറം തിരൂരങ്ങാടി താഴെച്ചെന സ്വദേശി പാണഞ്ചേരി മുഹമ്മദ് അഫീഫിനെയാണ് മുക്കം പൊലീസ് പിടികൂടിയത്. ഇയാള്‍ ഓടിച്ചിരുന്ന ഇരുചക്രവാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മെയ് 31ാം തിയ്യതി പുലര്‍ച്ചെയായിരുന്നു ഈ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തി നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെയാണ് ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിരുന്നത്. സ്ത്രീയോടൊപ്പം സ്‌കൂട്ടറില്‍ എത്തിയ ആളാണ് പിടിയിലായ മുഹമ്മദ് അഫീഫെന്ന് പോലീസ് വ്യക്തമാക്കി. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനിതരാജന്‍, പഞ്ചായത്ത് സെക്രട്ടറി, നാട്ടുകാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് അഫീഫിനെ മുക്കം പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചത്.

മറ്റൊരു സംഭവത്തിൽ തൃശൂരിൽ മാംസ വിൽപന കേന്ദ്രത്തിൽ നിന്ന് വാങ്ങിയ ഇറച്ചിയിൽ പുഴുവിനെ കണ്ടതായി പരാതി. കടപൂട്ടി സ്ഥലം വിട്ട് ഉടമ. പുതുക്കാട് വെണ്ടോര്‍ യൂണിയന്‍ സ്റ്റോപ്പിനു സമീപമുള്ള മാംസ വില്‍പന കേന്ദ്രത്തില്‍ നിന്നും വാങ്ങിയ ഇറച്ചിയേക്കുറിച്ചാണ് പരാതി ഉയ‍ർന്നത്. രാവിലെ വാങ്ങിയ ഇറച്ചിയിലാണ് പുഴുവിനെ കണ്ടെത്തിയത്. വരാക്കര സ്വദേശിയാണ് പരാതിക്ക് ആസ്പദമായ ഇറച്ചി വാങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം