വിതരണത്തിനായെത്തിയ സാധനങ്ങളുമായി സ്കൂട്ടറില്‍ പോകുകയായിരുന്ന പെൺകുട്ടിയെ തടഞ്ഞ് നിർത്തി ആക്രമിക്കാന്‍ ശ്രമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 

മാവേലിക്കര: ഓൺലൈൻ വിതരണക്കമ്പനി ജീവനക്കാരിയെ തടഞ്ഞ് നിർത്തി ആക്രമിച്ച കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. വാത്തികുളം കോമത്തുപറമ്പിൽ രാജേന്ദ്രനെയാണ് (57) കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. വിതരണത്തിനായെത്തിയ സാധനങ്ങളുമായി സ്കൂട്ടറില്‍ പോകുകയായിരുന്ന പെൺകുട്ടിയെ തടഞ്ഞ് നിർത്തി സ്കൂട്ടറിന്‍റെ താക്കോൽ ഊരിയെടുക്കുകയും ആക്രമിക്കുകയും ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 

ഇതിനിടെ തമിഴ്നാടിലെ തക്കലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കൊലപാതകത്തിന് ശേഷം വീട്ടിലെത്തിയ ഭര്‍ത്താവ് ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തക്കല അഴകിയ മണ്ഡപം തച്ചക്കോട് സ്വദേശി ജെബ പ്രിൻസയെ (31) ആണ് ഭർത്താവ് എബനേസർ (35) കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി തക്കലയ്ക്ക് സമീപം പരയ്ക്കോട്ടിലാണ് സംഭവം. 

ബ്യൂട്ടീഷ്യന്‍ കോഴ്സിന് ചേര്‍ന്ന ഭാര്യയുടെ വസ്ത്രധാരണ രീതിയില്‍ വന്ന മാറ്റത്തെ തുടര്‍ന്ന് ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. പ്രശ്നം രമ്യമായി പരിഹരിക്കാന്‍ ജെബ പ്രിന്‍സയുടെ അച്ഛന്‍ ഇരുവരെയും ഇന്നലെ വൈകീട്ട് വീട്ടിലേക്ക് വിളിച്ച് വരുത്തിയിരുന്നു. തുടര്‍ന്ന് ഇരുവരു തിരികെ വീട്ടിലേക്ക് പോകുന്നവഴി വീണ്ടും ഇതേ ചൊല്ലി തര്‍ക്കമുണ്ടായി. ഇതിനിടെ ഷർട്ടിനുള്ളിൽ ഒളിപ്പിച്ച അരിവാളുകൊണ്ട് എബനേസർ പ്രിൻസയെ വെട്ടുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

പ്രിൻസയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും എബനേസർ രക്ഷപ്പെട്ടിരുന്നു. തലയ്ക്ക് സാരമായ പരിക്കേറ്റ പ്രിൻസ സംഭവസ്ഥലത്ത് തന്നെ മരിച്ചു. തക്കല പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. തുടര്‍ന്ന് അവിടെ നിന്നും രക്ഷപ്പെട്ട എബനൈസര്‍ വീട്ടിലെത്തി ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇയാളെ ആസുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണെന്നും ഇവിടെ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തയുടന്‍ അറസ്റ്റ് ചെയ്യുമെന്നും തക്കല പൊലീസ് പറഞ്ഞു. 

കൂടുതല്‍ വായനയ്ക്ക്: സി ഐക്കെതിരെ പീഡന പരാതി; വനിതാ ഡോക്ടറെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയാക്കാന്‍ ശ്രമമെന്ന് പരാതി