പയ്യനങ്ങാടിയിലെ ഹോട്ടലിൽ തുടർച്ചയായി മൂന്ന് ദിവസം കുത്തിത്തുറന്ന് മോഷണം നടത്തിയ തിരൂരങ്ങാടി സ്വദേശി പിടിയിലായി.
മലപ്പുറം: പയ്യനങ്ങാടിയിലെ ഹോട്ടലില്‍ തുടര്‍ച്ചയായി മൂന്ന് ദിവസം കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ സ്ഥിരം മോഷണക്കേസ് പ്രതിയെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂരങ്ങാടി സ്വദേശി അമ്പാടി വീട്ടില്‍ കാദര്‍ ഷെരീഫ് (25) ആണ് പിടിയിലായത്. പണം മോഷ്ടിച്ചതിന് പിന്നാലെ ഹോട്ടലില്‍ സൂക്ഷിച്ചിരുന്ന ഐസ്‌ക്രീമും മറ്റ് ഭക്ഷണസാധനങ്ങളും കഴിച്ച ശേഷമാണ് പ്രതി മടങ്ങിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ഹോട്ടലില്‍ തുടര്‍ച്ചയായി മോഷണം നടക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് തിരൂര്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. മോഷണങ്ങള്‍ തടയുന്നതിനായി പൊലീസ് നടത്തിയ രാത്രികാല പ്രത്യേക പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലായത്. തുടര്‍ന്ന് ഇയാളെ പയ്യനങ്ങാടിയിലെ ഹോട്ടലിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മോഷണം നടത്തിയ രീതിയും സംഭവവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളും പ്രതി പൊലീസിന് വിശദീകരിച്ചുനല്‍കി.
ഹോട്ടലിന്റെ പിന്‍വശത്തെ വാതില്‍ കത്രിക ഉപയോഗിച്ച് കുത്തിത്തുറന്നാണ് പ്രതി അകത്തുകടന്നിരുന്നതെന്ന് പൊലീസ് കണ്ടെത്തി. പണം കവര്‍ന്നതിനുശേഷം ഹോട്ടലില്‍ സൂക്ഷിച്ചിരുന്ന ഭക്ഷണസാധനങ്ങളും ഐസ്‌ക്രീമും കഴിക്കുന്നതായിരുന്നു ഇയാളുടെ പതിവ്. തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളില്‍ ഒരേ ഹോട്ടലില്‍ മോഷണം നടന്നത് വ്യാപാരികളിലും പ്രദേശവാസികളിലും ആശങ്കയുണ്ടാക്കിയിരുന്നു.
നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കാദര്‍ ഷെരീഫ് നേരത്തെയും വിവിധ കേസുകളില്‍ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. തിരൂര്‍, പൊന്നാനി, തവനൂര്‍ ജയിലുകളില്‍ പലതവണ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് ഇയാള്‍. ഓരോ മോഷണക്കേസിലും പിടിയിലായി ജയില്‍മോചിതനാകുമ്പോള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുകള്‍ മാറുന്നതും ഇയാളുടെ പതിവായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തെളിവെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. പ്രദേശത്തെ മറ്റ് മോഷണക്കേസുകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.














