മലപ്പുറം ചേപ്പിലിക്കുന്നിൽ വീട് നിർമാണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള പുരാവസ്തു ശേഖരം കണ്ടെത്തി. കളിമണ്ണിൽ നിർമിച്ച നായയുടെ രൂപങ്ങളും വ്യാളി മുഖങ്ങളുമാണ് മണ്ണിനടിയിൽ നിന്നും ലഭിച്ചത്. കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി ഇവ കൊണ്ടോട്ടി വില്ലേജ് ഓഫീസിലേക്ക് മാറ്റി.

മലപ്പുറം: ചേപ്പിലിക്കുന്നില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മണ്ണിനടിയില്‍നിന്ന് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തു ശേഖരം കണ്ടെത്തി. വീട് നിര്‍മാണത്തിന്റെ ഭാഗമായി മതില്‍ കെട്ടുന്നതിനായി മണ്ണില്‍ ചാല്‍ കീറുന്നതിനിടെയാണ് പുരാതന കളിമണ്‍ രൂപങ്ങള്‍ കണ്ടെത്തിയത്. നായയുടെ രൂപങ്ങള്‍, വ്യാളി മുഖങ്ങള്‍ തുടങ്ങിയവയാണ് കണ്ടെത്തിയവയില്‍ കൂടുതലും. ഇവയ്ക്ക് 200 മുതല്‍ 400 വര്‍ഷം വരെ പഴക്കമുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ തൊഴിലാളികളാണ് മണ്ണിനടിയില്‍ ഒളിഞ്ഞുകിടന്ന രൂപങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് കൊണ്ടോട്ടി പൊലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ടെത്തിയ വസ്തുക്കളുടെ സ്വഭാവവും പഴക്കവും സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു.

ജില്ലാ പൈതൃക മ്യൂസിയത്തിന്റെ ചുമതലയുള്ള ജീവാമോളും സംഘവും സ്ഥലത്തെത്തി പുരാവസ്തുക്കളില്‍ പ്രാഥമിക പരിശോധന നടത്തി. കളിമണ്ണില്‍ നിര്‍മിച്ച നായയുടെ രൂപങ്ങളും വ്യാളിയുടെ മുഖങ്ങളുമാണ് പ്രധാനമായും കണ്ടെത്തിയത്. പഴയകാലത്തെ കലാ-സാംസ്‌കാരിക പാരമ്പര്യവുമായി ബന്ധപ്പെട്ടതാകാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ ഇവയുടെ യഥാര്‍ഥ കാലപ്പഴക്കം, നിര്‍മാണരീതി, ഉപയോഗം തുടങ്ങിയ കാര്യങ്ങളില്‍ വിശദമായ പരിശോധനയ്ക്കുശേഷമേ വ്യക്തത വരൂ.

കണ്ടെത്തിയ പുരാവസ്തുക്കള്‍ കൂടുതല്‍ പരിശോധനയ്ക്കും സുരക്ഷിതമായ സംരക്ഷണത്തിനുമായി കൊണ്ടോട്ടി വില്ലേജ് ഓഫീസിലേക്ക് മാറ്റി. പുരാവസ്തുക്കളുടെ ചരിത്രപരമായ പ്രാധാന്യം വിലയിരുത്തുന്നതിനും ശാസ്ത്രീയ പരിശോധന നടത്തുന്നതിനുമുള്ള നടപടികള്‍ തുടര്‍ന്നുണ്ടാകും. പുരാവസ്തു ഡയറക്ടറുടെ നിര്‍ദേശപ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ചേപ്പിലിക്കുന്നില്‍ മണ്ണിനടിയില്‍നിന്ന് പുരാതന വസ്തുക്കള്‍ കണ്ടെത്തിയ സംഭവം പ്രദേശവാസികളിലും കൗതുകമുണര്‍ത്തിയിട്ടുണ്ട്. പ്രദേശത്തിന്റെ പഴയകാല ചരിത്രത്തിലേക്കും സംസ്‌കാരത്തിലേക്കും വെളിച്ചം വീശാന്‍ ഈ കണ്ടെത്തലിന് കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.