കേസിലെ പതിനൊന്നാം പ്രതിയാണ് ഇയാള്‍. പ്രതിയെ റിമാന്റ് ചെയ്തു

കല്‍പ്പറ്റ: വയനാട് പനമരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന കേസില്‍ പ്രതി പിടിയില്‍. പനമരം കീഞ്ഞുകടവ് ചെറിയിടംകുന്ന് വീട്ടില്‍ സി.കെ. മുനീര്‍(38) നെയാണ് പനമരം പോലീസ് ഇന്‍സ്‌പെക്ടര്‍ വി. സിജിത്തും സംഘവും അറസ്റ്റ് ചെയ്തത്. കേസിലെ പതിനൊന്നാം പ്രതിയാണ് ഇയാള്‍. പ്രതിയെ റിമാന്റ് ചെയ്തു. 

പനമരത്തെ ചുമട്ടുതൊഴിലാളിയും യൂത്ത് ലീഗ് പ്രവര്‍ത്തകനുമായ കൈതക്കലിലെ പന്നിക്കോടന്‍ ഷൈജല്‍ (40)നു നേരെ ഇക്കഴിഞ്ഞ ഡിസംബര്‍ 15ന് രാത്രിയായിരുന്നു ആക്രമണം. ഒരുകൂട്ടം ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും ലോഡിങ് തൊഴിലാളികളും ചേര്‍ന്ന് മാരകായുധങ്ങളുപയോഗിച്ച് ക്രൂരമായി മര്‍ദിച്ചെന്നായിരുന്നു ഷൈജലിന്റെ പരാതി. തലക്കും പുറത്തും ഉള്‍പ്പെടെ പരിക്കേറ്റ ഷൈജല്‍ മാനന്തവാടി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. 

മാനന്തവാടി ദ്വാരകയില്‍ നടന്ന പോളിടെക്നിക് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി സംഘര്‍ഷമുണ്ടായിരുന്നു. കോളേജിലെ സംഘര്‍ഷത്തില്‍ പനമരത്തെ എം.എസ്.എഫ് പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് രണ്ട് എസ്.എഫ്.ഐ. പ്രവര്‍ത്തകരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പനമരം ടൗണില്‍ കൈയ്യേറ്റം ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഷൈജലിന് നേരെ ആക്രമണം ഉണ്ടായത്.

പനമരത്ത് യൂത്ത്‌ലീഗ് പ്രവര്‍ത്തകനെ വളഞ്ഞിട്ട് തല്ലി, ശരീരമാസകലം അടിയേറ്റു; പിന്നില്‍ ഡിവൈഎഫ്ഐയെന്ന് ആരോപണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം