കാര്‍ വാടകയ്ക്ക് വാങ്ങി പണയംവച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍. വയനാട് അമ്പലവയല്‍ സ്വദേശി മുണ്ടയില്‍ അക്ഷയ് ആണ് അറസ്റ്റിലായത്.
തൃശൂര്‍: കാര്‍ വാടകയ്ക്ക് വാങ്ങി പണയംവച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍. വയനാട് അമ്പലവയല്‍ സ്വദേശി മുണ്ടയില്‍ അക്ഷയ് ആണ് അറസ്റ്റിലായത്. കാര്‍ വാടകയ്ക്ക് വാങ്ങുകയും തുടര്‍ന്ന് ഉടമസ്ഥന്റെ അനുമതിയില്ലാതെ കാര്‍ മറ്റൊരാള്‍ക്ക് പണയംവച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ അംഗമാണ് അക്ഷയ്.
പത്താഴക്കാട് കുടുപ്പിള്ളി ഹാഷിം എന്നയാളുടെ ഉടമസ്ഥതയിലുള്ള രണ്ട് കാറുകള്‍ അബ്ദുള്‍ റഷിന്‍ എന്നയാള്‍ വാടകയ്ക്ക് വാങ്ങുകയും തുടര്‍ന്ന് അക്ഷയ്‌യുടെ സഹായത്തോടെ ഉടമസ്ഥനറിയാതെ മറ്റൊരാള്‍ക്ക് പണയം വയ്ക്കുകയും ചെയ്തുവെന്ന പരാതിയില്‍ കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരവെയാണ് പ്രതി അക്ഷയ് അറസ്റ്റിലായത്.
എറണാകുളം, പാലക്കാട് ജില്ലകളില്‍ സമാനമായ നിരവധി കേസുകളില്‍ പ്രതിയാണ് അക്ഷയ്. കേസിലെ മറ്റൊരു പ്രതിയായ അഴീക്കോട് കൊട്ടിക്കല്‍ തോട്ടുങ്ങല്‍ അബ്ദുള്‍ റഷിന്‍ എന്നയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇന്‍സ്‌പെക്ടര്‍ ബൈജു ഇ ആറിന്റെ നേതൃത്വത്തില്‍ എസ്ഐ. ഹരോള്‍ഡ് ജോര്‍ജ്, രവികുമാര്‍, സി.പി.ഒമാരായ ഗോപകുമാര്‍, ജിജോ ജോസഫ് എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
അതേസമയം, സാമ്പത്തിക തട്ടിപ്പ് കേസില്‍ കോൺഗ്രസ് എസ് നേതാവായ യൂസ്ഡ് കാർ ഷോറൂം ഉടമ കൊച്ചിയില്‍ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി അമൽ കെ സി എന്നയാളാണ് അറസ്റ്റിലായത്. കാറുകള്‍ വാങ്ങി മറിച്ച് വിറ്റിട്ടും പണം നല്‍കിയില്ലെന്ന് നിരവധി പേരുടെ പരാതിയിലാണ് പൊലീസ് നടപടി. നിരവധി പരാതികളാണ് ഇയാൾക്കെതിരെ ലഭിച്ചത്.
സെക്കൻഹാന്‍റ് കാറുകൾ ഉടമകളിൽ നിന്നും വിൽപ്പന നടത്തി തരാമെന്ന ഉറപ്പിൽ വാങ്ങിയ ശേഷം, കാറുകൾ മറിച്ചു വിറ്റ്, കാറുടമകൾക്ക് പണം നൽകാതെ വിശ്വാസ വഞ്ചന നടത്തിയെന്നാണ് അമലിനെതിരെയുള്ള പരാതി. പാലാരിവട്ടം ആലിൻചുവടിൽ എ ബി കാര്‍സ് എന്ന യൂസ്ഡ് കാർ ഷോറൂം നടത്തി വരികയായിരുന്നു ഇയാൾ. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ മാത്രം അമലിനെതിരെ ആറു കേസുകൾ നിലവിലുണ്ട്.
