വംശനാശ ഭീഷണിയുള്ള കഴുതപ്പുലി ചത്ത സംഭവത്തില്‍ ഒരാഴ്ച കഴിഞ്ഞിട്ടും ഇടിച്ച വാഹനത്തെ കണ്ടെത്താനായില്ല. തമിഴ്‌നാട് വനംവകുപ്പാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്.

സുല്‍ത്താന്‍ബത്തേരി: വംശനാശ ഭീഷണിയുള്ള കഴുതപ്പുലി ചത്ത സംഭവത്തില്‍ ഒരാഴ്ച കഴിഞ്ഞിട്ടും ഇടിച്ച വാഹനത്തെ കണ്ടെത്താനായില്ല. തമിഴ്‌നാട് വനംവകുപ്പാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ 13 നാണ് മുതുമല മസിനഗുഡി അച്ചക്കരൈ റോഡരികില്‍ കഴുതപ്പുലിയുടെ ജഡം കണ്ടെത്തിയത്.

എട്ടുവയസ് പ്രായമുള്ള ആണ്‍ കഴുതപ്പുലി ചത്തത് വാഹനമിടിച്ചാണെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു. എങ്കിലും ഒരാഴ്ചയിലധികമായിട്ടും ഇടിച്ച വാഹനം കണ്ടെത്താനോ മറ്റു വിവരങ്ങള്‍ ശേഖരിക്കാനോ വനംവകുപ്പിനായിട്ടില്ല. മുതുമല കടുവ സംരക്ഷണ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീകാന്ത് ശ്രീധറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സംഭവമറിഞ്ഞ ദിവസം തന്നെ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. 

കഴുതപ്പുലിയുടെ വായിലും മുഖത്തും മുറിവുണ്ടായിരുന്നതായി പരിശോധനക്കിടെ കണ്ടെത്തി. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ജീവന്‍ പോയെന്നാണ് ഡോക്ടര്‍മാരുടെ അറിയിച്ചത്. മൃഗത്തെ ഇടിച്ചിട്ട വാഹനത്തെയും ഉടമയെയും തേടി പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. ചെക്‌പോസ്റ്റുകളിലെ അടക്കം വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചുവെന്നാണ് വിവരം. 

കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ തന്നെ റോഡില്‍ വാഹനങ്ങള്‍ കുറവാണ്. ഇത് അന്വേഷണത്തെ സഹായിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും ഇതുവരെ ആശാവഹമായ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. മുതുമല വനത്തില്‍ വംശനാശം സംഭവിച്ചുവെന്ന് കരുതിയിരുന്ന കഴുതപ്പുലികളെ അടുത്ത കാലത്താണ് സര്‍വ്വേ സംഘം കണ്ടെത്തിയത്. 

20-ല്‍ താഴെ മാത്രം വരുന്ന കഴുതപ്പുലികള്‍ നീലഗിരി കാടുകളില്‍ ഉണ്ടെന്നാണ് സര്‍വേയില്‍ വ്യക്തമായിരിക്കുന്നത്. മുതുമല കാടുകളിലെ മസിനഗുഡി, സീഗൂര്‍, സിങ്കാര, ആനക്കട്ടി മേഖലകളിലായാണ് കഴുതപ്പുലികളുടെ സാന്നിധ്യം സ്ഥിരികരിച്ചിരിക്കുന്നത്. വനംവകുപ്പ് ഇവയെ പ്രത്യേകമായി നിരീക്ഷിച്ചു കൊണ്ടിരിക്കെയാണ് ഒരു കഴുതപ്പുലിക്ക് ദാരുണ അന്ത്യമുണ്ടായിരിക്കുന്നത്. അതേസമയം വനപ്രദേശങ്ങളിലെത്തുമ്പോള്‍ വാഹനങ്ങളുടെ വേഗം കുറക്കണമെന്നും ജാഗ്രത കാണിക്കണമെന്നുമുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ പലരും അവഗണിക്കുന്നതായാണ് അധികൃതര്‍ പറയുന്നത്.