മലബാര്‍ ഷോപ്പിംഗ് എന്ന് പേരുള്ള വെബ്സൈറ്റാണ് തട്ടിപ്പ് നടത്തിയത്. പൊലീസില്‍ പരാതി നല്‍കിയ മൂന്ന് പേര്‍ക്ക് കിട്ടിയത് ഗുണമേന്‍മ തീരെയില്ലാത്ത വസ്ത്രങ്ങള്‍. തട്ടിപ്പാണെന്ന് നിരവധി പേരുടെ ഗൂഗിള്‍ റിവ്യൂ വന്നതിന് പിന്നാലെ വെബ്സൈറ്റ് അപ്രത്യക്ഷമായി 

ഓണത്തിനും വിഷുവിനും മറ്റും നാട്ടിലുളളവര്‍ക്ക് കേരളീയ വസ്ത്രങ്ങള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത നൂറുകണക്കിന് പ്രവാസി മലയാളികള്‍ വെട്ടിലായി. പാലക്കാട്(Palakkad) കേന്ദ്രമാക്കിയുള്ള മലബാര്‍ ഷോപ്പിംഗ് (Malabar Shopping) എന്ന ഓണ്‍ലൈന്‍ വെബ്സൈറ്റാണ് (Online Clothing store) മൂന്ന് വര്‍ഷത്തിലേറെയായി നാട്ടുകാരെ പറ്റിക്കുന്നത്. ഈ അടുത്ത് വെബ്സൈറ്റും പൂട്ടി തട്ടിപ്പ് സംഘം മുങ്ങി. 

നാട്ടിലാണെങ്കില്‍ ഏതെങ്കിലും കടയില്‍ക്കയറി അച്ഛനും അമ്മയ്ക്കും വീട്ടുകാര്‍ക്കുമെല്ലാം ഓണത്തിന് നല്ല മലയാളിത്തനിമയുള്ള വസ്ത്രം വാങ്ങിക്കൊടുക്കാം. എന്നാല്‍ പ്രവാസി മലയാളികള്‍ ഓണം ആകുമ്പോള്‍ മലയാളിത്തനിമയുള്ള വസ്ത്രം ഓണ്‍ലൈനില്‍ പരതിത്തുടങ്ങും. അവരെ സമര്‍ത്ഥമായി പറ്റിച്ച ഒരു വൈബ്സൈറ്റിന്‍റെ തട്ടിപ്പ് ഇങ്ങനെയാണ്. 

പേര് മലബാര്‍ ഷോപ്പിംഗ്. കസവ് സാരി, സെറ്റ്മുണ്ട് കേരളത്തനിമ നിറഞ്ഞ് നില്‍ക്കുന്ന ഫോട്ടോകള്‍ കണ്ടതോടെ മലയാളി കൂട്ടത്തോടെ ഓര്‍ഡര്‍ കൊടുത്തു. ഓണത്തിന് മുമ്പ് ബുക്ക് ചെയ്ത് ഓണം കഴിഞ്ഞിട്ടും വിവരമൊന്നുമില്ലാതായതോടെ വെബ്സൈറ്റില്‍ കൊടുത്ത നമ്പറില്‍ വിളിച്ചു. അനക്കമില്ല. ഒന്നിന് പിറകെ ഒന്നായി ഈ മെയിലുകളയച്ചു. പ്രതികരണമില്ല. അങ്ങനെയാണ് ഓസ്ട്രേലിയയില്‍ താമസിക്കുന്ന പ്രശോഭ് പൊലീസില്‍ പരാതി കൊടുക്കുന്നത്. കേസാകുമെന്ന് കണ്ടതോടെ സൈറ്റ് പ്രശോഭിന് വസ്ത്രങ്ങളയച്ചു നല്‍കി.

YouTube video player

പ്രശോഭിന് കിട്ടിയ ഹരി എന്നയാളുടെ നമ്പറിലേക്ക് കാസര്‍കോട് സ്വദേശിയായ ഇപ്പോള്‍ നെതര്‍ലന്‍ഡ്സില്‍ താമസിക്കുന്ന പ്രദീപ് വിളിച്ചു. പ്രദീപിനും അയച്ചുകൊടുത്തു. പക്ഷേ ലിഭിച്ച വസ്ത്രങ്ങള്‍ ഒന്നിനും കൊള്ളില്ലെന്ന് ഇവര്‍ പറയുന്നു. ഹരിയുടെ നമ്പറില്‍ മുംബൈയില്‍ താമസിക്കുന്ന വിനീതയും വിളിച്ചു. വിനീതയ്ക്കും കിട്ടി വസ്ത്രം. പക്ഷേ ഗുണനിലവാരം തീരെയില്ല.

ഗൂഗിളില്‍ ബുക്ക് ചെയ്ത് കിട്ടാത്തവരെല്ലാം കൂട്ടത്തോടെ റിവ്യൂ എഴുതിത്തുടങ്ങിയതോടെ വെബ്സൈറ്റ് അപ്രത്യക്ഷമായി. നിരവധി പേരെ പറ്റിച്ചെന്നും വലിയ തട്ടിപ്പാണെന്നും റിവ്യൂ എഴുതിയവരില്‍ 95 ശതമാനം പേരും പറഞ്ഞുവെക്കുന്നു. എന്നാല്‍ ഒരൊറ്റയാള്‍ മാത്രമാണ് പരാതി പറഞ്ഞതെന്നാണ് പാലക്കാട്ടുകാരനായ ഹരി എന്ന മലബാര്‍ ഷോപ്പിംഗ് വെബ്സൈറ്റുകാരന്‍റെ നിലപാട്. തട്ടിപ്പിനിരയാവരില്‍ ഏറെയും പ്രവാസി മലയാളികളായതുകൊണ്ട് തന്നെ പലരും പൊലീസില്‍ പരാതി നല്‍കാനും തയ്യാറാകുന്നില്ല എന്നതാണ് വാസ്തവം.