ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍/ സിറ്റി റേഷനിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തിൽ സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നടത്തിയ പരിശോധനയിലാണ് കാര്‍ഡുകള്‍ പിടിച്ചെടുത്തത്.


കോഴിക്കോട്: അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡ് കൈവശം വെച്ചിട്ടുള്ളവരെ കണ്ടെത്തുന്നതിന് പൊതുവിതരണ വകുപ്പ് ആവിഷ്‌കരിച്ച 'ഓപ്പറേഷന്‍ യെല്ലോ' പദ്ധതി പ്രകാരം അനര്‍ഹമായി കൈവശം വെച്ച 1310 കാര്‍ഡുകള്‍ പിടിച്ചെടുത്തു. 23,18,981 രൂപ പിഴയായി ഈടാക്കുകയും ചെയ്തു. 137 എ.എ.വൈ മഞ്ഞ കാര്‍ഡ്, 789 പി.എച്ച്.എച്ച് വെള്ള കാര്‍ഡ്, 384 എന്‍.പി.എസ് നീല കാര്‍ഡ് എന്നിങ്ങനെയാണ് പിടിച്ചെടുത്ത കാര്‍ഡുകള്‍. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍/ സിറ്റി റേഷനിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തിൽ സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നടത്തിയ പരിശോധനയിലാണ് കാര്‍ഡുകള്‍ പിടിച്ചെടുത്തത്.

അനർഹമായി മുൻഗണനാ റേഷൻ കാർഡ് കൈവശം വെച്ചിട്ടുള്ളവരെ കണ്ടെത്തുന്നതിന് പൊതുവിതരണ വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് ഓപ്പറേഷൻ യെല്ലോ. ഓപ്പറേഷൻ യെല്ലോ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ മാസം നടത്തിയ പരിശോധനയിൽ അനധികൃതമായി കൈവശം വച്ച 68 മുൻഗണനാ കാർഡുകൾ കോഴിക്കോട് പിടിച്ചെടുത്തിരുന്നു. കോഴിക്കോട് താലൂക്കിലെ ഒളവണ്ണ, മടവൂർ, കൊടിനാട്ടുമുക്ക് എന്നീ പ്രദേശങ്ങളിൽ വീട് കയറി നടത്തിയ പരിശോധനയിൽ അനധികൃതമായി കൈവശം വെച്ചിരുന്ന അഞ്ച് എ എ വൈ കാർഡ്, 40 മുൻഗണനാ കാർഡുകൾ, 23 സ്റ്റേറ്റ് സബ്സിഡി കാർഡുകൾ എന്നിവയാണ് പിടിച്ചെടുത്തത്. 

സർക്കാർ ഉദ്യോഗസ്ഥരടക്കം നിലവിൽ മുൻഗണനാ കാർഡുകളിൽ അംഗങ്ങളായി തുടരുന്നതായും എ സി സൗകര്യത്തോടുകൂടിയതും 1000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തൃതിയുള്ള വീടുകളും ഒന്നിലധികം നാല് ചക്ര വാഹനമുള്ളവരുമായ വ്യക്തികൾ നിലവിൽ സബ്സിഡി കാർഡ് അംഗങ്ങളായി തുടരുന്നതായും കണ്ടെത്തി. ഇവർക്ക് നോട്ടീസ് നൽകിയതായും കാർഡുകൾ അടിയന്തിരമായി മാറ്റേണ്ടതാണെന്നും ജില്ലാ സപ്ലൈ ഓഫീസർ കെ രാജീവ് അറിയിച്ചു. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്നും അദ്ദേഹം അറിയിച്ചു.