പത്തനംതിട്ട സ്വദേശിയായ മോഹനൻ ഉണ്ണിത്താനെയാണ് കോടതി വീണ്ടും ജീവപര്യന്തം തടവിനും 50,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്. 2005-ൽ അമ്മയെ കൊന്ന കേസിലാണ് ഇയാൾ ആദ്യം ശിക്ഷിക്കപ്പെട്ടത്.
പത്തനംതിട്ട: അമ്മയെ തലക്കടിച്ച് കൊന്ന കേസിൽ ജയിലിൽ കഴിയവേ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്ന പ്രതിക്ക് വീണ്ടും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. അടൂർ, പന്നിവിഴ, കോട്ടപ്പുറം സ്വദേശിയായ പുതിയ വീട്ടിൽ മോഹനൻ ഉണ്ണിത്താൻ (65) നെയാണ് പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ജി. ജയകൃഷ്ണൻ ജീവപര്യന്തം തടവിനും 50,000 രൂപപിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്. അമ്മയെ വിറക് കഷണം കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയായിരുന്നു മോഹനൻ. 2005 നവംബറിലാണ് സംഭവം.
ഇതിനിടെ കേസിൽ പരോളിൽ ഇറങ്ങി മോഹനൻ സഹോദരനായ രഘു എന്ന് വിളിക്കുന്ന സതീഷ് കുമാറിനെയും ഉലക്ക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2024 ജൂൺ 29 ന് ആയിരുന്നു രണ്ടാമത്തെ കൊലപാതകം. അടൂർ പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ആർ രാജീവ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രാഥമിക അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് അടൂർ പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ശ്യാം മുരളി ആണ് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിന്റെ വിചാരണയിൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഹരിശങ്കർ പ്രസാദ് ഹാജരായി. കോടതി നടപടികളിൽ എഎസ്ഐ ആൻസി പ്രോസിക്യൂഷനെ സഹായിച്ചു.


