കെ.കെ രമ എംഎൽഎ ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ച് സാമൂഹിക വിരുദ്ധരെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ടു.
കോഴിക്കോട്: വടകര ഒഞ്ചിയത്ത് ഒരേക്കറോളം സ്ഥലത്തെ വാഴക്കൃഷി വെട്ടി നശിപ്പിച്ച നിലയില്‍. ഒഞ്ചിയം രക്തസാക്ഷി സ്മാരകത്തിന് സമീപത്താണ് 250ഓളം കുലച്ചതും കുലയ്ക്കാത്തതുമായ വാഴകള്‍ സാമൂഹികവിരുദ്ധര്‍ വെട്ടിനശിപ്പിച്ചത്. ചാലംകുനി സ്വദേശികളായ സി.സി രവി, വെള്ളുപറമ്പത്ത് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ വാഴക്കൃഷിക്ക് നേരെയാണ് ആക്രമണമുണ്ടായത്.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ഇതുസംബന്ധിച്ച് ഉടമകള്‍ ചോമ്പാല പോലീസില്‍ പരാതി നല്‍കി. സമീപകാലത്തായി പ്രശ്‌നങ്ങളൊന്നുമില്ലാതിരുന്ന പ്രദേശത്ത് ബോധപൂര്‍വം കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് ആര്‍എംപി ജില്ലാ സെക്രട്ടറി കുളങ്ങര ചന്ദ്രന്‍ ആരോപിച്ചു. എംഎല്‍എ കെ.കെ രമ, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത്, ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍. വേണു തുടങ്ങിയവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.


