അപകടത്തിന് പിന്നാലെ ഡ്രൈവർ ഇറങ്ങി ഓടി എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഡ്രൈവർ മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം കരകുളത്ത് വണ്ടികൾ ഇടിച്ചുതെറിപ്പിച്ചു കാർ ഡ്രൈവർ ഇറങ്ങിയോടി. അമിത വേഗതയിൽ എത്തിയ കാർ രണ്ട് കാറുകളെയും ബൈക്കുകളെയുമാണ് ഇടിച്ചത്. അപകടത്തിന് പിന്നാലെ ഡ്രൈവർ ഇറങ്ങി ഓടി എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഡ്രൈവർ മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അപകടത്തില്‍ ആർക്കും പരിക്കില്ലെങ്കിലും വാഹനങ്ങൾക്ക് കേടുപാട് ഉണ്ടായിട്ടുണ്ട്.

അതേസമയം, എറണാകുളം ചക്കരപ്പറമ്പിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മധുര സ്വദേശികളായ ശിവപാലനും രണ്ട് കുട്ടികളും മടക്കം നാല് പേരടങ്ങുന്ന കുടുംബം സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. നാല് പേരും തീ പടർന്നത്തോടെ ഇറങ്ങിയോടിയതോടെയാണ് വലിയ അപകടമൊഴിവായത്. അഗ്നിശമന സേനയെത്തി തീയണച്ചു. ഓൾട്ടോ കാറിന്റെ എഞ്ചിനിൽ നിന്നും ചെറിയ രീതിയിൽ ഇന്ധന ചോർച്ചയുണ്ടാകുകയും പിന്നാലെ തീപടരുകയുമായിരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്. വളരെ പെട്ടന്ന് തന്നെ കാർ പൂർണമായും കത്തി. അഗ്നിശമന സേനയെത്തി തീയണച്ചതിന് പിന്നാലെ പ്രദേശത്ത് കൂടിയുള്ള ഗതാഗതം പുനസ്ഥാപിച്ചു. 

Also Read :വടക്കഞ്ചേരി അപകടം:'കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് നിര്‍ത്തിയിട്ടില്ല,വേഗത കുറച്ചു,എന്നാൽ അത് അപകടകാരണമല്ല '

ഇന്നലെ സമാനമായ രീതിയിഷ കോട്ടയം പാലായില്‍ ഓടിക്കൊണ്ടിരുന്ന മാരുതി കാര്‍ തീപിടിച്ച് പൂര്‍ണമായി കത്തി നശിച്ചിരുന്നു. പാലാ പൊന്‍കുന്നം റോഡില്‍ വാഴേമഠം ഭാഗത്ത് സിവില്‍ സപ്ലൈസ് വെയര്‍ഹൗസിന് സമീപമാണ് കാറിന് തീ പിടിച്ചത്. വലിയകാപ്പില്‍ വി എം തോമസിന്റെ വാഹനമാണ് കത്തിയത്. വീടിന് സമീപത്ത് വച്ച് വാഹനത്തില്‍ നിന്നും പുക ഉയര്‍ന്നതോടെ വാഹനത്തിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി. പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. വീട്ടുകാർ ഉടൻ തന്നെ വിവരം ഫയർ ഫോഴ്സിൽ അറിയിച്ചു. പാലാ ഫയര്‍ഫോഴ്‌സ് യൂണിറ്റെത്തിയാണ് തീയണച്ചത്. അപ്പോഴേക്കും വാഹനത്തിന്റെ അകംഭാഗം മുഴുവനും കത്തി നശിച്ചിരുന്നു.