Asianet News MalayalamAsianet News Malayalam

തെച്ചികോട്ടുകാവ് രാമചന്ദ്രനെ രാഷ്ട്രീയ ആയുധമാക്കാന്‍ ആര്‍ എസ് എസ്

 തെച്ചികോട്ടുകാവ് രാമചന്ദ്രന് വേണ്ടി ഒരുമുഴം മുമ്പേയെറിഞ്ഞ് ഹിന്ദു ഐക്യവേദിയും ആര്‍എസ്എസും പ്രക്ഷോഭത്തിനൊരുങ്ങുകയാണിപ്പോള്‍. എട്ടിന് നടക്കുന്ന സമരത്തില്‍ പി സി ജോര്‍ജ്ജ് എംഎല്‍എ പങ്കെടുക്കുമെന്നും പറയുന്നു. 

p c george attend rss strike on thechikotte ramachandran for release thrissur pooram
Author
Thrissur, First Published May 6, 2019, 12:31 PM IST

തൃശൂര്‍: തേക്കിന്‍കാട്ടിലെ ആരവങ്ങളിലേക്ക് വര്‍ണ്ണക്കാഴ്ചകളുടെ പൂരവാതില്‍ തുറക്കാന്‍ ഇക്കുറി തെച്ചികോട്ടുകാവ് രാമചന്ദ്രന്‍ ഇല്ലെന്നത് തൃശൂരിനെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. അടക്കിവയ്ക്കാനാവാത്ത വൈകാരികതയാണ് പൂരവിളംബരമായി തെക്കേഗോപുരനട തള്ളിത്തുറന്ന് ഗജരാജാവ് പുറത്തേക്കെഴുന്നള്ളുന്ന കാഴ്ച. തെച്ചികോട്ടുകാവ് രാമചന്ദ്രന് പൂരത്തിന് എഴുന്നള്ളുന്നതിനുള്ള നിയമപരമായ വിലക്കാണ് വിന. പകരം എറണാകുളം ശിവകുമാറിനെ എഴുന്നള്ളിക്കാന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചെങ്കിലും ഘടകക്ഷേത്രമായ നെയ്തലക്കാവ് ഭരണസമിതി അനുകൂലമായൊന്നും പറഞ്ഞിട്ടില്ല. വിലക്ക് നീക്കപ്പെടുമെന്ന നിഗമനത്തിലാണ് നെയ്തലക്കാവ് ദേവസ്വവും തട്ടകക്കാരും.

തെച്ചികോട്ട് രാമചന്ദ്രനുള്ള വിലക്ക് നീക്കാന്‍ ശ്രമകരമായ ഇടപെടലുകള്‍ തുടരാനാണ് നെയ്തലക്കാവ് ദേവസ്വത്തിന്‍റെയും പൂരപ്രേമികളുടെയും തീരുമാനം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ നയമപരമായ നടപടി കൈകൊള്ളാന്‍ കഴിയില്ല. കൊച്ചിന്‍ ദേവസ്വത്തിന്‍റെ ഉടമസ്ഥതയിലുള്ളതാണ് വടക്കുന്നാഥന്‍ ക്ഷേത്രമെന്നതും സ്വന്തമായി ആനകളുണ്ടെന്നതും ഇവരെയും വലയ്ക്കുന്നുണ്ട്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനമെന്നതിനാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും നിയമങ്ങളും പാലിക്കാന്‍ ബോര്‍ഡിന് ബാധ്യതയുണ്ട്. ഇക്കാരണങ്ങളാല്‍ തെച്ചികോടിന്‍റെ വിലക്കും പ്രശ്‌നങ്ങളും പൂരത്തെ കലുഷിതമാക്കുകയാണ്. 

പൂരത്തിന് തുടക്കം കുറിക്കുന്ന തെക്കേഗോപുരനട തള്ളിത്തുറക്കല്‍ ചടങ്ങ് കുറ്റൂര്‍ നെയ്തലക്കാവ് ക്ഷേത്രത്തിന്‍റെ ചുമതലയാണ്. തെച്ചികോട്ടുകാവ് രാമചന്ദ്രനില്ലാത്ത ഈ ചടങ്ങ് സ്വപ്‌നത്തില്‍പ്പോലും ആലോചിക്കാനാവാത്തതാണെന്നതാണ് ഇവിടത്തുകാരുടെ അഭിപ്രായം. ഒപ്പം അനേകായിരം പൂരപ്രേമികളുടെയും തെച്ചികോട്ടുകാവ് രാമചന്ദ്രന്‍റെ ആരാധകരുടെയും ആവേശവുമാണിത്. പൂരത്തിലെ വൈകാരികമായ ഈ ചടങ്ങുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള പ്രതിസന്ധി മറികടക്കാന്‍ കഴിയില്ലെന്നറിഞ്ഞിട്ടും ഒരു മുഴം മുമ്പേയെറിഞ്ഞ് ഹിന്ദു ഐക്യവേദിയും ആര്‍എസ്എസും പ്രക്ഷോഭത്തിനൊരുങ്ങുകയാണിപ്പോള്‍. 

ഇതിന്റെ ഭാഗമായി നടന്ന പ്രതിഷേധ പരിപാടി പി സി ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആനകളെ ഇല്ലാതാക്കി ആചാരങ്ങളെ തകര്‍ക്കാനാണ് തെച്ചികോട്ടുകാവ് രാമചന്ദ്രന്റെ വിലക്കിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. അതിനുപിന്നില്‍ കൃത്യമായ അജണ്ടയുണ്ട്. മനുഷ്യന്റെ സംസ്‌കാരത്തെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ വിശ്വാസികള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്നും ജോര്‍ജ് പറഞ്ഞു. തൃശൂര്‍ പൂരത്തിന്റെ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്നും പി സി ജോര്‍ജ് വ്യക്തമാക്കി. ബിജെപി ജില്ലാ പ്രസിഡന്റ് എ നാഗേഷ്, സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Follow Us:
Download App:
  • android
  • ios