Asianet News MalayalamAsianet News Malayalam

തരിശ് പാടത്ത് ഇല്ലംനിറയ്ക്കായി നെല്‍ക്കതിര്‍ വിളയിച്ചു; നൂറുമേനി കൊയ്ത് കര്‍ഷകന്‍

പരീക്ഷണ അടിസ്ഥാനത്തില്‍ നടത്തിയ കൃഷിയിലാണ് നൂറുമേനി വിളഞ്ഞത്.

paddy cultivation success story of farmer thrissur
Author
First Published Aug 14, 2024, 7:37 AM IST | Last Updated Aug 14, 2024, 7:37 AM IST

തൃശൂര്‍: തരിശായി കിടന്ന പാടത്ത് നൂറുമേനി വിളയിച്ച് കര്‍ഷകന്‍. മുണ്ടത്തിക്കോട് തെക്കുമുറി പാടശേഖരത്തില്‍ കര്‍ഷകനായ ആലാട്ട് ചന്ദ്രനാണ് 30 വര്‍ഷം തരിശിട്ട് കിടന്ന 50 സെന്റ് പാടത്ത് ഇല്ലംനിറയ്ക്കു വേണ്ട നെല്‍ക്കതിര്‍ വിളയിച്ചത്. പരീക്ഷണ അടിസ്ഥാനത്തില്‍ നടത്തിയ കൃഷിയിലാണ് നൂറുമേനി വിളഞ്ഞത്. കേരളത്തിന് പുറമേ ബെംഗളൂരുവിലേക്കും ഇല്ലംനിറയ്ക്ക് ആവശ്യമായ നെല്‍ക്കതിര്‍ ഇവിടെ നിന്നും കയറ്റി അയയ്ക്കുന്നുണ്ട്.

തരിശുപാടമാണെന്നതും പ്രതികൂലമായ കാലാവസ്ഥയും ആശങ്കയുണ്ടാക്കിയിരുന്നു. എന്നാല്‍ കൃഷി വന്‍ വിജയമായി. ലക്ഷണമൊത്ത നെല്‍ക്കതിരുകളാണ് ഇവിടെ നിന്നും ലഭിച്ചതെന്ന് ചന്ദ്രന്‍ പറയുന്നു. നല്ല നീളവും നിറയെ നെല്‍മണികളുമുള്ള കതിരുകളാണ് ഉണ്ടായത്. നെല്ല് നന്നായി മൂക്കുന്നതിന് മുമ്പാണ് ഇല്ലംനിറയ്ക്ക്  വേണ്ട കതിരുകള്‍ കൊയ്‌തെടുക്കേണ്ടത്.

കന്നിക്കൊയ്ത്തായതിനാല്‍ കൊയ്ത്തുത്സവവും സംഘടിപ്പിച്ചിരുന്നു. കെ.എന്‍.സി.പി. അഗ്രോ സൊസൈറ്റി ലിമിറ്റഡിന്റെ ആഭിമുഖ്യത്തിലാണ് കൊയ്ത്തുത്സവം നടത്തിയത്. നെല്‍കൃഷിയുടെ ഓരോ ഘട്ടത്തിലും എല്ലാവിധ സഹായങ്ങളുമേകി അവര്‍ ഒപ്പമുണ്ടായിരുന്നുവെന്ന് ചന്ദ്രന്‍ പറഞ്ഞു. കനക ഇനത്തില്‍പ്പെട്ട നെല്ലാണ് വിതച്ചത്. യാതൊരു വളവും കീടനാശിനിയും ഉപയോഗിച്ചില്ല. എന്നിട്ടും നെല്‍ച്ചെടികള്‍ ആരോഗ്യത്തോടെ വളര്‍ന്നു പാകമായി.  

തൃശൂരിലെ കുട്ടന്‍കുളങ്ങര, പെരുവനം, അയ്യന്‍കുന്ന്, പുഴയ്ക്കല്‍, കോടന്നൂര്‍, മനക്കൊടി, ഒളരി ക്ഷേത്രങ്ങളിലേക്കാണ് പ്രധാനമായും ഇവിടെ നിന്നും നെല്‍ക്കതിര്‍ എത്തിച്ചു നല്‍കുന്നത്. ഇതിന് പുറമേ വൈക്കം, ഏറ്റുമാനൂര്‍, കടുതുരുത്തി, തൃക്കൊടിത്താനം, വള്ളിയൂര്‍ ക്ഷേത്രങ്ങളിലേക്കും നെല്‍ക്കതിര്‍ നല്‍കുന്നുണ്ട്. വഴിപാടായി  ശബരിമല ക്ഷേത്രത്തിലേക്കും നെല്ല് കൊണ്ടു പോകുന്നു. നാലേക്കര്‍ വരുന്ന ചെമ്മന്തിട്ട, പഴുന്നാന പാടശേഖരങ്ങളിലാണ് ഇതുവരെ ഇല്ലംനിറയ്ക്കുള്ള നെല്ല് കൃഷി ചെയ്തിരുന്നത്. ആലാട്ട് കൃഷ്ണന്‍കുട്ടി, രാജന്‍ എന്നിവര്‍ക്കൊപ്പമാണ് ഇവിടെ കൃഷി ചെയ്തത്. ആവശ്യക്കാരേറിയതോടെ കൂടുതല്‍ നെല്ല് ഉത്പാദിപ്പിക്കേണ്ടി വന്നു. അതോടെയാണ് തരിശുകിടന്ന പാടശേഖരത്തില്‍ കൃഷി പരീക്ഷിച്ചത്.
 
ഇരുപത് വര്‍ഷമായി ചന്ദ്രന്‍ ആലാട്ട് കാര്‍ഷിക ജീവിതത്തിലേക്ക് തിരിഞ്ഞിട്ട്. പുല്ലഴിയില്‍ സ്വന്തമായ പതിനേഴ് ഏക്കറില്‍ കൃഷി ചെയ്യുന്നുണ്ട്. സീസണ്‍ അനുസരിച്ചുള്ള കൃഷികള്‍ക്കാണ്  പ്രാധാന്യം നല്‍കുന്നത്. കുമ്പളം, വെള്ളരി, പയര്‍, മത്തന്‍, വെണ്ട തുടങ്ങി ഓണത്തിനുള്ള പച്ചക്കറികളെല്ലാം പാകമായി വരുന്നു. വാഴക്കൃഷിയും വിപുലമായി നടത്തുന്നു. എല്ലാ കാര്‍ഷിക വിളകള്‍ക്കും ആവശ്യക്കാരേറെയാണ്. കീടനാശിനികളും രാസവളങ്ങളും ഒഴിവാക്കിയ കൃഷി രീതിയാണ് പിന്തുടരുന്നത്.

കൃഷിഭൂമി നഷ്ടമായ യാക്കൂബിന് 20 സെന്‍റ് സ്ഥലം നൽകാം: ഭോപ്പാലിൽ നിന്ന് കുര്യൻ ജോർജ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios