രണ്ടു മാസം മുമ്പ് കൊയ്ത്ത് കഴിഞ്ഞെങ്കിലും പല ഭാഗങ്ങളിലും നെല്ല് സംഭരണം നടന്നിട്ടില്ല
പാലക്കാട്: വിഷുക്കാലമായിട്ടും രണ്ടാംവിള നെല്ലിന്റെ സംഭരണ വില ലഭിക്കാതെ പാലക്കാട്ടെ ആയിരക്കണക്കിനു കർഷകർ. ഏതാണ്ട് 20,000 പേർക്കാണ് സപ്ലൈകോ പണം നൽകാനുള്ളത്. കൺസോർഷ്യത്തിൽ ഉൾപ്പെട്ട എസ്‌ബിഐ മുഖേന വില വിതരണം ആരംഭിക്കാത്തതാണു കാരണം. രണ്ടു മാസം മുമ്പ് കൊയ്ത്ത് കഴിഞ്ഞെങ്കിലും പല ഭാഗങ്ങളിലും നെല്ല് സംഭരണം നടന്നിട്ടുമില്ല..
വിഷുവിന് ഒരുങ്ങേണ്ട മുറ്റം. കുട്ടികൾ പടക്കം പൊട്ടിക്കേണ്ട മുറ്റത്ത് നെൽച്ചാക്കുകൾ അട്ടിയായി വെച്ചിരിക്കുന്നു. രണ്ടു മാസമായി കൊയ്ത് വെച്ചിട്ട്. ഇത് കൊടുത്ത് കിട്ടുന്ന പൈസ കൊണ്ട് ഇത്തവണ വിഷു ആഘോഷിക്കാമെന്ന പ്രതീക്ഷ പോയി.
80,754 കർഷകരാണു ജില്ലയിൽ രണ്ടാം വിള നെല്ലെടുപ്പിന് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ഏതാണ്ട് 40,000 കർഷകരാണ് നെല്ലെടുക്കാൻ സപ്ലൈകോ വരുന്നതും കാത്തുകെട്ടി നിൽക്കുന്നത്. മാസങ്ങൾക്ക് മുമ്പ് സപ്ലൈകോയ്ക്ക് നെല്ല് നൽകിയ പല കർഷകർക്കും ഇപ്പോഴും പണം കിട്ടിയിട്ടുമില്ല.

