ആലപ്പുഴ പട്ടണക്കാട് ചെമ്പകശ്ശേരി പാടശേഖരത്തിൽ നൂറിലധികം ചാക്ക് പ്ലാസ്റ്റിക് മാലിന്യം വീണ്ടും തള്ളി. ടിപ്പർ ലോറിയിൽ മാലിന്യം തള്ളുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.

ആലപ്പുഴ: പട്ടണക്കാട് പഞ്ചായത്തിലെ രണ്ടാം വാർഡിൽ ചെമ്പകശ്ശേരി പാടശേഖരത്തിൽ വീണ്ടും വൻതോതിൽ പ്ലാസ്റ്റിക് മാലിന്യം തള്ളിയത് നാട്ടുകാർക്ക് വലിയ ദുരിതമാകുന്നു. തീരദേശത്തേക്ക് പോകുന്ന പത്മാക്ഷി കവല-അന്ധകാരനഴി റോഡിനോട് ചേർന്നുള്ള പാടശേഖരത്തിലേക്കാണ് കഴിഞ്ഞ രാത്രി നൂറിലധികം ചാക്കുകളിലായി പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ തള്ളിയത്. ടിപ്പർ ലോറിയിൽ കൊണ്ടുവന്നാണ് മാലിന്യം തള്ളിയതെന്ന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്.

മാലിന്യം പതിവായി തള്ളുന്ന ഇവിടെ രണ്ടുമാസം മുൻപും സമാന രീതിയിൽ മാലിന്യം നിക്ഷേപിച്ചിരുന്നു. ഈ സംഭവത്തെ തുടർന്ന് പഞ്ചായത്ത് അധികൃതർ ചാക്കുകൾ അഴിച്ച് നടത്തിയ പരിശോധനയിൽ ചന്തിരൂരിലെ ഒരു സ്ഥാപനത്തിൽ നിന്ന് സാധനങ്ങൾ വാങ്ങിയതിന്റെ ബിൽ ലഭിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ പട്ടണക്കാട് പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കൃഷി മന്ത്രിയുടെ നേതൃത്വത്തിൽ ഏകദേശം 32 കോടി രൂപ ചെലവഴിച്ച് 300 ഏക്കറിലധികം വരുന്ന ചെമ്പകശ്ശേരി പാടശേഖരം നവീകരിച്ച് കൃഷിയോഗ്യമാക്കിയിരുന്നു. എന്നാൽ പേരിന് ഒരു പ്രാവശ്യം മാത്രമാണ് ഇവിടെ കൃഷിയിറക്കിയതെന്നും പിന്നീട് മത്സ്യകൃഷിക്കായി പാടശേഖരം ഉപയോഗിച്ചു വരികയാണെന്നും പ്രദേശവാസികൾ പറയുന്നു. ഇത്തരത്തിൽ നവീകരിച്ച പാടശേഖരമാണ് ഇപ്പോൾ സാമൂഹിക വിരുദ്ധർ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറ്റിയിരിക്കുന്നത്. പഞ്ചായത്തിന്റെ അധീനതയിലുള്ള പ്രദേശത്ത് നിരന്തരം മാലിന്യം തള്ളുന്നുണ്ടെങ്കിലും സ്ഥിരമായ പ്രതിരോധ നടപടികൾ സ്വീകരിക്കാതെ അധികൃതർ കാഴ്ചക്കാരായി നിൽക്കുകയാണെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം. പ്രശ്നത്തിന് അടിയന്തരമായി ശാശ്വത പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന മുന്നറിയിപ്പിലാണ് യാത്രക്കാരും പരിസരവാസികളും.