കല്‍പ്പറ്റ: തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റ് റെക്കോര്‍ഡിട്ട ആളാണ് തമിഴ്‌നാട്ടുകാരന്‍ പദ്മ നിവാസില്‍  ഡോ കെ പത്മരാജന്‍. തമിഴ്‌നാട് സേലം ജില്ലയിലെ മേട്ടൂര്‍ ഡാം രാമനഗര്‍ സ്വദേശിയായ ഇദ്ദേഹം ഇത്തവണ വയനാട് ലോക്‌സഭാമണ്ഡലത്തില്‍ നിന്ന് 201-ാം അങ്കത്തിനൊരുങ്ങുകയാണ്. അതിനായി വയനാട്ടിലെത്തി അദ്ദേഹം ഇന്ന് പത്രിക സമര്‍പ്പിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥിയായി വരണാധികാരി കൂടിയായ ജില്ലകലക്ടര്‍ക്കാണ് പത്മരാജന്‍ പത്രിക സമര്‍പ്പിച്ചത്. 

വിവിധ ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിലായി 200 തവണ പത്മരാജന്‍ സ്ഥാനാര്‍ഥിയായിട്ടുണ്ട്. രാജീവ് ഗാന്ധി, നരേന്ദ്രമോദി, സോണിയ ഗാന്ധി തുടങ്ങിയ പ്രമുഖരുമായി 'തോല്‍വി' മാത്രം ലക്ഷ്യമിട്ട് അദ്ദേഹം ഏറ്റുമുട്ടി. കെട്ടിവെച്ച പണം പോയാലും തോല്‍വിയില്‍ റെക്കോര്‍ഡ് ഇടുകയാണ് തന്റെ ലക്ഷ്യമെന്നാണ് പത്മരാജന്റെ നിലപാട്. എന്നാല്‍ വയനാട് മണ്ഡലത്തില്‍ വിജയപ്രതീക്ഷയുണ്ടെന്നും പത്മരാജന്‍ പറയുന്നു.