മാന്നാര്‍: ഷോക്കേറ്റ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് പെയിന്റിംഗ് തൊഴിലാളി മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തട്ടാരമ്പലം കരിപ്പുഴ കടവൂര്‍ കോളത്ത് വീട്ടില്‍ പരേതനായ ചന്ദ്രന്റെയും വിജയമ്മയുടെയും മകന്‍ ബിജു (46) ആണ് മരിച്ചത്. പരിക്കേറ്റ സുഭാഷ്, പരമേശ്വരന്‍ നായര്‍ എന്നിവര്‍ പരുമല സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്.

ബുധനാഴ്ച രാവിലെ പത്തിന് മാന്നാര്‍ മാര്‍ക്കറ്റ് ജംഗ്ഷന് എതിര്‍ വശത്ത് നിര്‍മാണം നടക്കുന്ന സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ മുകളിലായിരുന്നു അപകടം. കെട്ടിടത്തിന്റെ മുകളില്‍ കയറിയ ബിജു പെയിന്റിംഗ് ജോലിക്കായി പൊക്കംകെട്ടുന്നതിന് നീളമുള്ള ഇരുമ്പ് പൈപ്പ് മുകളിലേക്ക് ഉയര്‍ത്തുന്നതിനിടെ 11കെവി വൈദ്യുത ലൈനില്‍ തട്ടി ഷോക്കേറ്റ് താഴെ വീഴുകയായിരുന്നു.

വീഴചയില്‍ തലയില്‍ പരിക്കേറ്റ് രക്തം വാര്‍ന്നൊഴുകി. ഓടി കൂടിയവര്‍ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബിജു മരണപ്പെടുകയായിരുന്നു.